തെലങ്കാനയില്‍ 43 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്; കോളജും ഹോസ്റ്റലും അടച്ചുപൂട്ടി
ഹൈദരാബാദ്: തെലങ്കാനയില്‍ സ്വകാര്യ ഇന്‍സ്റ്റിറ്റിയൂട്ടിലെ 43 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കരിംനഗര്‍ ജില്ലയിലെ ബൊമ്മക്കലിലുള്ള ചല്‍മേദ ആനന്ദ് റാവു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ഥികള്‍ക്കാണ് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചത്. ഇതെത്തുടര്‍ന്ന് അധികൃതര്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും കാംപസ് അടച്ചുപൂട്ടുകയും ചെയ്തു. 150 ലധികം വിദ്യാര്‍ഥികളുടെ പരിശോധനാ റിപോര്‍ട്ടുകള്‍ ഇനിയും ലഭിക്കാനുണ്ട്. ഹോസ്റ്റല്‍ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും വൈറസ് ബാധിതരാണ്. മുഴുവന്‍ വിദ്യാര്‍ഥികളെയും വീട്ടിലേക്ക് അയച്ചു. ഹോസ്റ്റലും അടച്ചിട്ടുണ്ട്.
മാര്‍ച്ച്- ജൂണ്‍ മാസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. കോളജില്‍ ഒരാഴ്ച മുമ്പ് വാര്‍ഷിക ദിനാചരണം നടത്തിയിരുന്നു. ഇതാവാം രോഗം വ്യാപിക്കാന്‍ കാരണമായതെന്നാണ് അധികൃതരുടെ സംശയം. കോളജില്‍ സംഘടിപ്പിച്ച വിവിധ കായിക, സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടതെന്ന് അധികൃതര്‍ അറിയിച്ചു. വാര്‍ഷിക ദിന പരിപാടിയില്‍ ഇത്രയധികം ആളുകള്‍ പങ്കെടുക്കുമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെന്ന് കരിംനഗര്‍ ജില്ലാ മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫിസര്‍ ഡോ.ജുവേരിയ പറഞ്ഞു. കോളജും ഹോസ്റ്റലും അടച്ചിട്ടതായി അവര്‍ സ്ഥിരീകരിച്ചു.
കോളജ് സന്ദര്‍ശിച്ചതായും വൈറസ് കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ കോളജ് മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയതായും പറഞ്ഞു. ചടങ്ങില്‍ പലരും മാസ്‌ക് ധരിച്ചിരുന്നില്ലെന്നാണ് റിപോര്‍ട്ട്. നിലവില്‍ ഇതുവരെ 200 വിദ്യാര്‍ഥികളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതിലാണ് 43 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. കാംപസിലെ 1,000 പേരെ പരിശോധിക്കാന്‍ തിങ്കളാഴ്ച പ്രത്യേക ക്യാംപ് ഉണ്ടാവുമെന്നും ഡോ.ജുവൈറ പറഞ്ഞു. ശനിയാഴ്ച 13 വിദ്യാര്‍ഥികള്‍ക്ക് പോസിറ്റീവായി. 26 പേര്‍ക്ക് ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.