മണിപ്പൂരില്‍ ജെഡിയുവിന് തിരിച്ചടി; അഞ്ച് എംഎല്‍എമാര്‍ ബിജെപിയില്‍

കെ എച്ച് ജോയ്കിഷൻ, എൻ സനേറ്റ്, എംഡി അച്ചാബ് ഉദ്ദീൻ, മുൻ ഡിജിപി കൂടിയായ എൽ എം ഖൗട്ടെ, തങ്ജം അരുൺകുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്ന എംഎൽഎമാർ.

Update: 2022-09-03 03:52 GMT

ഇംഫാൽ: മണിപ്പൂരില്‍ ജെഡിയുവിന് കനത്ത തിരിച്ചടി നല്‍കി ബിജെപി. ജെഡിയുവിന്റെ 6 എംഎല്‍മാരില്‍ 5 പേരും ബിജെപിയില്‍ ചേര്‍ന്നു. ബിഹാറിൽ ബിജെപിയുമായി നിതീഷ് കുമാര്‍ സഖ്യം വേർപിരിഞ്ഞ് ആഴ്ചകൾ മാത്രം പിന്നിടുമ്പോഴാണ് മണിപ്പൂരിലെ ബിജെപിയുടെ നാടകീയ നീക്കം.

ജെഡിയു എംഎല്‍എമാർ ബിജെപിയുടെ ഭാഗമായത് സ്പീക്കർ അംഗീകരിച്ചതായി മണിപ്പൂർ നിയമസഭാ സെക്രട്ടറി കെ മേഘജിത് സിങ് പറഞ്ഞു. മണിപ്പൂരിലെ ജെഡിയുവിന്റെ മൂന്നിൽ രണ്ട് ഭാഗം എംഎല്‍എമാരും പക്ഷം മാറിയിട്ടുണ്ട്. അതിനാല്‍ കൂറുമാറ്റ ചട്ടം നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ എച്ച് ജോയ്കിഷൻ, എൻ സനേറ്റ്, എംഡി അച്ചാബ് ഉദ്ദീൻ, മുൻ ഡിജിപി കൂടിയായ എൽ എം ഖൗട്ടെ, തങ്ജം അരുൺകുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്ന എംഎൽഎമാർ. ലിലോങിൽ നിന്നുള്ള നിയമസഭാംഗം മുഹമ്മദ് അബ്ദുൾ നസീർ മാത്രമാണ് ഇപ്പോൾ മണിപ്പൂരിൽ ജെഡിയുവിനൊപ്പമുള്ളത്. ഖൗട്ടെയും അരുൺകുമാറും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി മൽസരിക്കാൻ മുൻപ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ജെഡിയുവിൽ ചേര്‍ന്നത്.

ഈ വർഷം മാർച്ചിൽ നടന്ന മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 സീറ്റുകളില്‍ മൽസരിച്ച ജെഡിയു ആറിടങ്ങളിലാണ് വിജയിച്ചത്. 60 അംഗ സംസ്ഥാന നിയമസഭയിൽ ഭാരതീയ ജനതാ പാർട്ടിക്കാണ് ഭൂരിപക്ഷമുള്ളത്. 32 സീറ്റുകളാണ് ബിജെപിക്കുള്ളത്.

കഴിഞ്ഞ മാസമാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിനെ സംസ്ഥാന പാർട്ടിയായി തിരഞ്ഞെടുപ്പ് ബോഡി അംഗീകരിച്ചത്. ബിഹാർ (2005 മുതൽ), അരുണാചൽ പ്രദേശ് (2019 മുതൽ) എന്നീ രണ്ട് സംസ്ഥാനങ്ങളിലും പാർട്ടി 'സംസ്ഥാന പാർട്ടി' ആയി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ജെഡിയുവിലെ ഒരു വിഭാഗത്തെ അടര്‍ത്തിമാറ്റി പാര്‍ട്ടിയെ തളര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടക്കുന്നു എന്നാരോപിച്ചായിരുന്നു ബിഹാറിൽ നിതീഷ് കുമാർ ബിജെപി സഖ്യം വിട്ടത്. തേജസ്വി യാദവിന്റെ ആർജെഡിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെയാണ് ബിഹാറിൽ നിതീഷ് പുതിയ സർക്കാർ രൂപീകരിച്ചത്.

Similar News