മഹാരാഷ്ട്രയില്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ് അഞ്ച് വയസ്സുകാരന്‍ മരിച്ചു

Update: 2023-03-14 06:14 GMT

മുംബൈ: മഹാരാഷ്ട്ര അഹ്മദ്‌നഗറില്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു. സാഗര്‍ ബുദ്ധ ബരേല എന്ന അഞ്ചുവയസ്സുകാരനാണ് മരിച്ചത്. എന്‍ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയായിരുന്നു കുട്ടിയുടെ മരണം. തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്കാണ് 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി വീഴുന്നത്. അഹമ്മദ്‌നഗര്‍ ജില്ലയിലെ കോപാര്‍ഡി ഗ്രാമത്തിലെ ഒരു ഫാമിലെ മൂടിയില്ലാത്ത കുഴല്‍ക്കിണറിലാണ് കുട്ടി വീണതെന്ന് എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥന്‍ പവന്‍ ഗൗര്‍ പറഞ്ഞു.

15 അടിയോളം താഴ്ചയില്‍ കുടുങ്ങിയിരിക്കുകയായിരുന്നു കുട്ടി. തുടര്‍ന്ന് എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് കുട്ടിയുടെ നില വഷളാവുകയായിരുന്നു. അടുത്തിടെ സംസ്ഥാനത്തെ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ നിന്ന് കുടിയേറിയവരാണ് സാഗറിന്റെ കുടുംബം. കരിമ്പ് വെട്ടുന്നവരാണ് കുട്ടിയുടെ മാതാപിതാക്കളെന്ന് പോലിസ് പറഞ്ഞു. കുഴല്‍ക്കിണറില്‍ കുടുങ്ങിയ കുട്ടിയെ പുറത്തെടുക്കാനായി എന്‍ഡിആര്‍എഫിന്റെ അഞ്ചാം ബറ്റാലിയനെ വിന്യസിച്ചിരുന്നു. എന്നാല്‍, പുതിയ കുഴി കുഴിക്കാനുള്ള ശ്രമം തുടങ്ങുന്നതിനു മുമ്പേ കുട്ടി പ്രതികരിക്കുന്നുണ്ടായിരുന്നില്ല. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കുട്ടിയുടെ മൃതശരീരം പുറത്തെടുത്തത്.

Tags:    

Similar News