എഎപി എംഎല്‍മാര്‍ക്ക് 25 കോടി വാഗ്ദാനം ചെയ്തു: ബിജെപിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കെജ്‌രിവാള്‍

Update: 2024-01-27 06:47 GMT

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയിലെ ഏഴ് ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ ബിജെപി വേട്ടയാടാന്‍ ശ്രമിച്ചെന്നും പാര്‍ട്ടി മാറാന്‍ അവര്‍ക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും കെജ്‌രിവാള്‍ ആരോപിച്ചു. എക്‌സിലുടെയാണ് അരവിന്ദ് കെജ്‌രിവാള്‍ ആരോപണം ഉന്നയിച്ചത്. മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി ഭീഷണിപ്പെടുത്തിയതായും എഎപി എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. ഈയിടെ ബിജെപി ഞങ്ങളുടെ ഡല്‍ഹിയിലെ ഏഴ് എംഎല്‍എമാരുമായി ബന്ധപ്പെട്ടിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്നും അതിനുശേഷം ഞങ്ങള്‍ എംഎല്‍എമാരെ തകര്‍ക്കുമെന്നും പറഞ്ഞു. 21 എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയെന്നും മറ്റുള്ളവരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ചര്‍ച്ചകള്‍ക്കു ശേഷം ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ താഴെയിറക്കും. നിങ്ങള്‍ക്കും ബിജെപിയിലേക്ക് വരാം. 25 കോടി രൂപ സ്വീകരിച്ച് ബിജെപി ടിക്കറ്റില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്നും ബിജെപി പറഞ്ഞെന്നാണ് കെജ്‌രിവാളിന്റെ ആരോപണം.

    21 എംഎല്‍എമാരുമായി ബന്ധപ്പെട്ടെന്ന് ബിജെപി അവകാശപ്പെടുന്നുണ്ട്. എന്നാല്‍, ഞങ്ങളുടെ വിവരമനുസരിച്ച് ഏഴ് എംഎല്‍എമാരെ മാത്രമാണ് ഇതുവരെ ബന്ധപ്പെട്ടത്. എല്ലാവരും വിസമ്മതിച്ചു. ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ താഴെയിറയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു. മദ്യ കുംഭകോണം അന്വേഷിക്കാനല്ലഎന്നെ അറസ്റ്റ് ചെയ്യുന്നത്. അവര്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ താഴെയിറക്കാനാണ് ഗൂഢാലോചന നടത്തുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി അവര്‍ നമ്മുടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ നിരവധി ഗൂഢാലോചനകള്‍ നടത്തി. പക്ഷേ അതിലൊന്നും അവര്‍ വിജയിച്ചില്ല. ദൈവവും ജനങ്ങളും എപ്പോഴും ഞങ്ങളെ പിന്തുണച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ എല്ലാ എംഎല്‍എമാരും ശക്തമായി ഒരുമിച്ചാണ്. ഇത്തവണയും ഇവര്‍ ഇക്കാര്യത്തില്‍ പരാജയപ്പെടുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News