ജോലി ഒഴിവ് ശുചീകരണ തൊഴിലിലേക്ക്; അപേക്ഷകരിലേറെയും എന്‍ജിനീയര്‍മാര്‍...!
ചിലരാവട്ടെ നിലവില്‍ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവരുമാണെങ്കിലും 15,700 രൂപ ശമ്പളമുള്ള സര്‍ക്കാര്‍ ജോലി തേടിയാണ് ഇവരെല്ലാം എത്തിയത്
കോയമ്പത്തൂര്‍: രാജ്യത്ത് സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്മയും രൂക്ഷമാണെന്ന റിപോര്‍ട്ടുകള്‍ അടിവരയിടുന്നതാണ് കോയമ്പത്തൂര്‍ കോര്‍പറേഷന്റെ ശുചീകരണ തൊഴിലാളികളുടെ തസ്തികയിലേക്കുള്ള അപേക്ഷകള്‍. ശുചീകരണ തൊഴിലാളികള്‍ ഗ്രേഡ് ഒന്ന് തസ്തികയിലേക്കുള്ള അപേക്ഷകരുടെ യോഗ്യത അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് അപേക്ഷിച്ചതിലേറെയും എന്‍ജിനീയറിങ് ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമാണെന്ന്. ആകെ 549 ശുചീകരണ തൊഴിലാളികളുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഇതുപ്രകാരം അഭിമുഖത്തിനെത്തിയവരില്‍ 70 ശതമാനവും പ്രാഥമിക യോഗ്യതയായ എസ്എസ്എല്‍സി കഴിഞ്ഞവരാണ്. എന്‍ജിനീയര്‍മാരും ബിരുദധാരികളും ബിരുദാനന്തര ബിരുദമുള്ളവരും ഡിപ്ലോമയുള്ളവരുമെല്ലാം അഭിമുഖത്തിനെത്തി. ചിലരാവട്ടെ നിലവില്‍ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവരുമാണെങ്കിലും 15,700 രൂപ ശമ്പളമുള്ള സര്‍ക്കാര്‍ ജോലി തേടിയാണ് ഇവരെല്ലാം എത്തിയത്. 10 വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും സ്ഥിരജോലിക്കായി അപേക്ഷ നല്‍കിയവരിലുണ്ട്.
ബിരുദധാരികളില്‍ പലരും അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി ലഭിക്കാത്തതിനാല്‍ സ്വകാര്യ കമ്പനികളില്‍ 6000-7000 പ്രതിമാസ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്. 12 മണിക്കൂറിലേറെ ജോലി ചെയ്തിട്ടും കാര്യമായ ശമ്പള വര്‍ധനവോ ജോലി സുരക്ഷയോ ലഭിക്കുന്നില്ലെന്നതാണ് ശുചീകരണ തൊഴിലിലേക്ക് ആകര്‍ഷിക്കാന്‍ കാരണം. കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ക്ക് രാവിലെ മൂന്നുമണിക്കൂറും വൈകീട്ട് മൂന്ന് മണിക്കൂറുമാണ് ജോലി സമയം. ഇതിനിടയില്‍ മറ്റു ജോലികളിലും ഏര്‍പ്പെടാം എന്നതും ഈ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ചിട്ടുണ്ടാവാമെന്നാണ്
അധികൃതരുടെ വിലയിരുത്തല്‍.