എഞ്ചിനീയര്‍മാരുടെ വൈദഗ്ധ്യം വിലയിരുത്താന്‍ സംവിധാനം അത്യാവശ്യം: ഇ ശ്രീധരന്‍
വര്ഷം തോറും എത്രയോ എന്‍ജിനീയര്‍മാര്‍ കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുന്നുണ്ട്. ദേശീയ സര്‍വ്വേ പ്രകാരം, പുറത്തിറങ്ങുന്ന എന്‍ജിനീയര്‍മാരില്‍ 20 ശതമാനം മാത്രമേ ജോലിക്കെടുക്കാന്‍ പ്രാപ്തരായവര്‍ ഉള്ളൂ. ബാക്കിയുള്ളവരില്‍ 30 ശതമാനം പേരെ പരിശീലനം നല്‍കിയാല്‍ ജോലിക്കെടുക്കാം. അവശേഷിച്ച 50 ശതമാനം പേര്‍ ഒട്ടും തന്നെ ജോലിക്കെടുക്കാന്‍ പറ്റാത്തവരാണ്.'-ശ്രീധരന്‍ പറഞ്ഞു.
കോഴിക്കോട്: രാജ്യത്ത് എഞ്ചിനീയര്‍മാരുടെ വൈദഗ്ധ്യം പരിശോധിക്കാനും സാക്ഷ്യപ്പെടുത്താനും നിയമാനുസൃതമായ സംവിധാനം നടപ്പിലാക്കാന്‍ വൈകരുതെന്ന് മെട്രോമാന്‍ പദ്മവിഭൂഷണ്‍ ഡോ ഇ ശ്രീധരന്‍. യു എല്‍ സൈബര്‍ പാര്‍ക്കില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച എന്‍ജിനീയേഴ്‌സ് ഡേ ആഘോഷവും സംസ്ഥാന തല ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് നിര്‍ണായക പങ്കു വഹിക്കേണ്ടവരാണ് എന്‍ജിനീയര്‍മാര്‍. പക്ഷേ ഇന്നത്തെ നമ്മുടെ എന്‍ജിനീയര്‍മാരുടെ നിലവാരമെന്താണ്? വര്ഷം തോറും എത്രയോ എന്‍ജിനീയര്‍മാര്‍ കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുന്നുണ്ട്. ദേശീയ സര്‍വ്വേ പ്രകാരം, പുറത്തിറങ്ങുന്ന എന്‍ജിനീയര്‍മാരില്‍ 20 ശതമാനം മാത്രമേ ജോലിക്കെടുക്കാന്‍ പ്രാപ്തരായവര്‍ ഉള്ളൂ. ബാക്കിയുള്ളവരില്‍ 30 ശതമാനം പേരെ പരിശീലനം നല്‍കിയാല്‍ ജോലിക്കെടുക്കാം. അവശേഷിച്ച 50 ശതമാനം പേര്‍ ഒട്ടും തന്നെ ജോലിക്കെടുക്കാന്‍ പറ്റാത്തവരാണ്.'
'ഒരു വര്‍ഷം രാജ്യത്ത് റോഡപകടങ്ങളില്‍ മരിക്കുന്നത് ഒന്നര ലക്ഷം പേരാണ്. അതും മോശപ്പെട്ട എന്‍ജിനീയറിങ് കാരണം. ഇത് പാലാരിവട്ടം പാലത്തിന്റെ മാത്രം കാര്യമല്ല. ഇന്ത്യയിലുടനീളം മോശം നിര്‍മാണ പ്രവൃത്തികള്‍ മൂലം ആയിരങ്ങളാണ് കൊല്ലപ്പെടുന്നത്,' അദ്ദേഹം പറഞ്ഞു.
പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഓരോ എഞ്ചിനീയരുടേയും നിലവാരം പരിശോധിച്ച് സാക്ഷ്യപ്പെടുത്താന്‍ സംവിധാനം നിലവില്‍ വരണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇതേ ആവശ്യമുന്നയിച്ച് കേന്ദ്ര ഗവണ്‍മെന്റിന് ഡോ ശ്രീധരന്‍ അയച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എം.എസ് അനന്ത് ചെയര്‍മാനായ സമിതി പഠനം നടത്തുന്നത്.
ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയര്‍സ് ഇന്ത്യയും (ഐഇഐ) ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയും (യുഎല്‍സിസിഎസ്) ചേര്‍ന്ന് നടത്തിയ ആഘോഷത്തില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും എന്‍ജിനീയറുമായ ഡോ എ അച്യുതനെ ആദരിച്ചു.
ഇരുനൂറിലധികം എന്‍ജിനീയര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. ഐഇഐ കോഴിക്കോട് സെന്റര്‍ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, ഗ്രൂപ്പ് സിഇഒ രവീന്ദ്രന്‍ കസ്തൂരി, യുഎല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ടി പി സേതുമാധവന്‍, ഐഇഐ കോഴിക്കോട് സെന്റര്‍ സെക്രട്ടറി സി ജയറാം, യുഎല്‍സിസിഎസ് സിജിഎം (പ്രോജക്ട്) രോഹന്‍ പ്രഭാകര്‍ സംസാരിച്ചു.