ഫലസ്തീന് പിന്തുണ നല്‍കാന്‍ 7,000 പേര്‍ക്ക് സൈനികപരിശീലനം നല്‍കി ഹൂത്തികള്‍
സന്‍ആ: ഫലസ്തീന് പിന്തുണ നല്‍കാന്‍ 7,000 പേര്‍ക്ക് സൈനികപരിശീലനം നല്‍കി യെമനിലെ ഹൂത്തികള്‍. 'അല്‍ അഖ്‌സ സ്റ്റോം' എന്ന പേരിലാണ് പരിശീലനം നല്‍കിയിരിക്കുന്നത്. യുഎസും ബ്രിട്ടനും അടക്കമുള്ള വൈദേശിക ശക്തികളുടെ അതിക്രമങ്ങള്‍ നേരിടാനും ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ നല്‍കാനുമാണ് പുതിയ റിക്രൂട്ട്‌മെന്റ്. പരിശീലനം നേടിയവരുടെ പ്രകടനം ഹൊദൈദ പ്രദേശത്തു നടന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷത്തില്‍ അധികം പേര്‍ക്ക് സൈനികപരിശീലനം നല്‍കിയതായി ഹൂത്തികളുടെ പരമോന്നത നേതാവായ സയ്യിദ് അബ്ദുല്‍മാലിക് അല്‍ഹൂത്തി പറഞ്ഞു.
''ഞങ്ങള്‍ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. അമേരിക്കന്‍, ഇസ്രായേല്‍ സേനകളെ അഭിമുഖീകരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. വിജയത്തിന്റെയും ശക്തിയുടെയും മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ നിരന്തരം പരിശ്രമിക്കുന്നു. ദൈവത്തിന് സ്തുതി.''-സയ്യിദ് അബ്ദുല്‍മാലിക് അല്‍ഹൂത്തി പറഞ്ഞു.