രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുമാസം മരിച്ചത് 77 കുരുന്നുകള്‍
ഓക്‌സിജന്‍ നല്‍കാനുള്ള സാമഗ്രികള്‍ ആശുപത്രിയില്‍ കുറവാണെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് കുരുന്നുകളുടെ മരണത്തിന് കാരണമെന്നാണ് നിഗമനം.
ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡിസംബറില്‍ മാത്രം മരിച്ചത് 77 കുരുന്നുകള്‍. ഡിസംബര്‍ 24 വരെയുള്ള കണക്കാണിത്. കോട്ടയിലെ ജെ കെ ലോണ്‍ എന്ന സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇത്. ഡിസംബര്‍ 23 മുതല്‍ 24 വരെയുള്ള 48 മണിക്കൂറിനിടയില്‍ പത്ത് കുരുന്നുകളുടെ ജീവന്‍ നഷ്ടമായി.
കുരുന്നുകളുടെ കൂട്ടമരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ള മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനോട് ആവശ്യപ്പെട്ടു. ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഓക്‌സിജന്‍ നല്‍കാനുള്ള സാമഗ്രികള്‍ ആശുപത്രിയില്‍ കുറവാണെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് കുരുന്നുകളുടെ മരണത്തിന് കാരണമെന്നാണ് നിഗമനം.
ഈ വര്‍ഷം മാത്രം ഇവിടെ 940 കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ശരാശരി ഓരോ ദിവസവും മൂന്നുകുട്ടികള്‍ മരിച്ചെന്ന് സാരം. ആരോഗ്യ സെക്രട്ടറിയില്‍ നിന്ന് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിദഗ്ധര്‍ അടങ്ങുന്ന മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അറിയിച്ച ആരോഗ്യസെക്രട്ടറി വൈഭവ് ഗല്‍റിയ പ്രാഥമിക അന്വേഷണത്തില്‍ അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് കണ്ടെത്തിയെന്ന് പറഞ്ഞു.