കോട്ട ആശുപത്രിയില്‍ വീണ്ടും ശിശുമരണം; ഒരുമാസത്തിനിടെ മരിച്ചത് 100 കുഞ്ഞുങ്ങള്‍
ഡിസംബര്‍ 23, 24 ദിവസങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ 10 കുട്ടികളാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ മരിച്ചത്. കോട്ടയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയാണ് ജെ കെ ലോണ്‍.
ന്യൂഡല്‍ഹി: രാജസ്ഥാനില കോട്ട ജെ കെ ലോണ്‍ ആശുപത്രിയിലെ ശിശുമരണം 100 കടന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മാത്രം മരിച്ചത് ഒമ്പത് കുഞ്ഞുങ്ങളാണ്. ജനന സമയത്ത് ഭാരം കുറവായതിനാലാണ് കുട്ടികള്‍ പ്രധാനമായും മരിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഡിസംബര്‍ 23, 24 ദിവസങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ 10 കുട്ടികളാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ മരിച്ചത്. കോട്ടയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയാണ് ജെ കെ ലോണ്‍.
കഴിഞ്ഞ ദിവസം എംപിമാരായ ലോക്കറ്റ് ചാറ്റര്‍ജി, കാന്ത കര്‍ദാം, ജസ്‌കൗര്‍ മീന എന്നിവരടങ്ങുന്ന ബിജെപി പാര്‍ലമെന്ററി സംഘം ആശുപത്രി സന്ദര്‍ശിച്ച് അടിസ്ഥാന സൗകര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രണ്ട് മൂന്ന് കുട്ടികളെ ഒറ്റ കിടക്കയില്‍ കണ്ടെത്തിയതായും ആശുപത്രിയില്‍ വേണ്ടത്ര നഴ്‌സുമാര്‍ ഇല്ലെന്നും സമിതി അറിയിച്ചു.
നേരത്തെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ജെ കെ ലോണ്‍ ആശുപത്രിയില്‍ അടുത്തിടെയുണ്ടായി വരുന്ന ശിശു മരണത്തില്‍ ആശങ്ക പ്രകടിപ്പിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്ത് നല്‍കി. അതേസമയം, ശിശുമരണം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരോപിച്ചു.