70 ലക്ഷം ഇസ്രായേലികളുടെ വ്യക്തിഗത വിവരങ്ങള്‍ ഹാക്കിങിലൂടെ ചോര്‍ത്തി
അധിനിവേശ രാജ്യത്തിന്റെ മുനിസിപ്പാലിറ്റികള്‍ ഉപയോഗിക്കുന്ന സിറ്റി 4 യു എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയത്.
തെല്‍ അവീവ്: മുനിസിപ്പാലിറ്റികള്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് 70 ലക്ഷം ഇസ്രായേലികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതായി സങ്കാനികില്‍ എന്ന പേരിലുള്ള ഹാക്കര്‍ അവകാശപ്പെട്ടു. അധിനിവേശ രാജ്യത്തിന്റെ മുനിസിപ്പാലിറ്റികള്‍ ഉപയോഗിക്കുന്ന സിറ്റി 4 യു എന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഡ്രൈവിങ് ലൈസന്‍സ്, നികുതി റിട്ടേണ്‍ ഉള്‍പ്പെടെയുള്ള ചില പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ സങ്കാനികില്‍ എന്ന സൈബര്‍ കുറ്റവാളി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതായി ജെറുസലേം പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.
ലഭിച്ച വിവരങ്ങള്‍ ഇപ്പോള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണെന്നും റിപോര്‍ട്ടുകളുണ്ട്. സമീപ വര്‍ഷങ്ങളില്‍ ഇസ്രായേല്‍ നിരവധി ഹാക്കിംഗ് ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഈ ഹാക്കിങ് റിപോര്‍ട്ട് ശരിയാണെങ്കില്‍ ഇസ്രായേലി ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിങ് ആയിരിക്കുമിത്. ജനസംഖ്യയുടെ 80 ശതമാനത്തോളം ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കറുടെ കൈകളിലെത്തുന്നതാണിത്.