ഒക്ടോബറില്‍ മാത്രം കൊല്ലപ്പെട്ടത് 88 സൈനികരെന്ന് ഇസ്രായേല്‍
സുരക്ഷ നഷ്ടപ്പെട്ടതിനാല്‍ നിരവധി ജൂതന്‍മാര്‍ ഇസ്രായേല്‍ ഉപേക്ഷിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
തെല്‍അവീവ്: ഒക്ടോബറില്‍ 88 സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍. ഗസ അധിനിവേശം തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ സൈനികര്‍ കൊല്ലപ്പെടുന്ന മാസമായി ഒക്ടോബര്‍ മാറി. ഗസയില്‍ നിന്നും ലെബനാനില്‍ നിന്നും യെമനില്‍ നിന്നും ഇറാഖില്‍ നിന്നുമെല്ലാം എത്തുന്ന മിസൈലുകളും ഡ്രോണുകളുമാണ് ഇസ്രായേലിന് വലിയ നാശമുണ്ടാക്കിയിരിക്കുന്നത്. കൂടാതെ നിരവധി കത്തിക്കുത്ത് കേസുകളും വാഹനമിടിക്കല്‍ കേസുകളും റിപോര്‍ട്ട് ചെയ്തു.
ജാഫയിലുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടത് വലിയ പ്രതിസന്ധിയായി മാറിയെന്നും ഇസ്രായേല്‍ പറയുന്നു. വടക്കന്‍ ഇസ്രായേലില്‍ 13 സിവിലിയന്മാര്‍ റോക്കറ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. മിസൈലുകളും ഡ്രോണുകളും എത്താത്ത ഒരു മണിക്കൂര്‍ പോലും ഇല്ലെന്നാണ് ഇസ്രായേല്‍ പറയുന്നത്. സുരക്ഷ നഷ്ടപ്പെട്ടതിനാല്‍ നിരവധി ജൂതന്‍മാര്‍ ഇസ്രായേല്‍ ഉപേക്ഷിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുകയാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
സയണിസ്റ്റുകള്‍ അല്ലാത്ത ജൂതന്‍മാര്‍ സൈനിക സേവനത്തിന് വിസമ്മതിക്കുന്നതും ഇസ്രായേലിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തെല്‍അവീവിലെ സൈനിക റിക്രൂട്ട്‌മെന്റ് കേന്ദ്രം ഉപരോധിച്ച നിരവധി ഹരേദി ജൂതന്‍മാരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. യുദ്ധത്തില്‍ വലിയ വില കൊടുക്കേണ്ടി വന്നതില്‍ ഇസ്രായേലി ധനമന്ത്രി സ്‌മോട്രിച്ച് പൊട്ടിക്കരയുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.