കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊല: ഒമ്പത് ആര്‍എസ്എസ്സുകാര്‍ക്ക് ജീവപര്യന്തം

കേരളത്തിലെ ജയിലില്‍ നടന്ന ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ഇ പി ജയരാജനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കൂത്തുപറമ്പിലെ പേട്ട ദിനേശന്‍ മുതല്‍ ജേഷ്ഠന്റെ ഭാര്യയെ ചുട്ടുകൊന്ന കോഴിക്കോട് ബാലുശേരിയിലെ പി വി അശോകന്‍ വരെ ഒമ്പത് ആര്‍എസ്എസ്സുകാര്‍ക്കെതിരേയാണ് ശിക്ഷ വിധിച്ചത്.

Update: 2019-07-06 02:09 GMT

തലശ്ശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം പ്രവര്‍ത്തകന്‍ കക്കട്ടില്‍ അമ്പലക്കുളങ്ങര കെ പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടുതല്‍ തടവ് അനുഭവിക്കണം.നാദാപുരം കക്കട്ട് അമ്പലക്കുളങ്ങരയിലെ കല്ലുപുരയില്‍ കെ പി രവീന്ദ്രനെ(48) കൊലപ്പെടുത്തിയ കേസിലാണ് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ സെന്‍ട്രല്‍ പൊയിലൂര്‍ എച്ചിലാട്ട്ചാലില്‍ പവിത്രന്‍ (53), തൃശൂര്‍ വാടാനപ്പള്ളി തമ്പാന്‍കടവ് കാഞ്ഞിരത്തിങ്കല്‍ ഫല്‍ഗുനന്‍ (57), സെന്‍ട്രല്‍ പൊയിലൂര്‍ കുഞ്ഞിപ്പറമ്പത്ത് രഘു (51), കോഴിക്കോട് അരക്കിണര്‍ ഭദ്രാ നിവാസില്‍ സനല്‍പ്രസാദ് (49), കൂത്തുപറമ്പ് നരവൂര്‍ കൊയപ്പന്‍ ഹൗസില്‍ പി കെ ദിനേശന്‍ (48), മൊകേരി കുനിയില്‍ കോളയത്താന്‍ കൊട്ടക്ക ശശി (50), കൂത്തുപറമ്പ് കൊയപ്രന്‍ വീട്ടില്‍ അനില്‍കുമാര്‍ (47), സെന്‍ട്രല്‍ പൊയിലൂര്‍ കച്ചേരി തരശ്ശിയില്‍ സുനി (43), കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ പുത്തന്‍വീട്ടില്‍ അശോകന്‍ എന്നിവര്‍ക്കെതിരെ തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

20 ജീവപര്യന്ത തടവുകാരും 11 വിചാരണ തടവുകാരും ഉള്‍പ്പെടെ 31 ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍.ഇതില്‍ 21പേരെ വിട്ടയച്ചു. പന്ത്രണ്ടാം പ്രതി കണ്ണൂര്‍ താവക്കര പനങ്കാവ് കുണ്ടത്തില്‍ ഹൗസില്‍ രാകേഷ് ഒളിവിലാണ്.

ഇ പി ജയരാജനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കൂത്തുപറമ്പിലെ പേട്ട ദിനേശന്‍ മുതല്‍ ജേഷ്ഠന്റെ ഭാര്യയെ ചുട്ടുകൊന്ന കോഴിക്കോട് ബാലുശേരിയിലെ പി വി അശോകന്‍ വരെ ഒമ്പത് ആര്‍എസ്എസ്സുകാര്‍ക്കെതിരേയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ഇന്നലെ പകല്‍ 11.10നാണ് ഒമ്പത് പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പകല്‍ രണ്ടോടെ ശിക്ഷ വിധിച്ചു.

കേരളത്തിലെ ജയിലില്‍ നടന്ന ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണിത്. കൊലപാതകം നടന്ന് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണു വിധി പ്രഖ്യാപിക്കുന്നത്. 2004 ഏപ്രില്‍ ആറിനാണു കേസിനാസ്പദമായ സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ച കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു കൊല്ലപ്പെട്ട രവീന്ദ്രന്‍. ജയില്‍ ബ്ലോക്കില്‍ ഫാന്‍ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ജയില്‍ ഉദ്യോഗസ്ഥരും തടവുകാരും ഉള്‍പ്പെടെ 71 സാക്ഷികളാണുള്ളത്. ഒന്നാം സാക്ഷി ജയില്‍ ഉദ്യോഗസ്ഥന്‍ പ്രവീണും രണ്ടാംസാക്ഷി ശശീന്ദ്രനുമാണ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം കെ ദിനേശന്‍ ഹാജരായി.

ശിക്ഷിക്കപ്പെട്ട ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകരും കൊലപാതകം, കൊലപാതക ശ്രമം, പീഡനം ഉള്‍പ്പടെ ക്രിമിനല്‍ കേസ് പ്രതികളാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ ഇ പി ജയരാജനെ ചണ്ഡീഗഢില്‍ നിന്ന് വരുന്നതിനിടെ 1995 ഏപ്രില്‍ 12ന് രാവിലെയാണ രാജധാനി എക്‌സ്പ്രസില്‍വച്ച് പേട്ട ദിനേശനും വിക്രംചാലില്‍ ശശിയും ചേര്‍ന്ന് വെടിവച്ചുകൊല്ലാന്‍ ശ്രമിച്ചത്. ട്രെയിനില്‍നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ദിനേശനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. ആന്ധ്രയിലെ ഓങ്കോള്‍ പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതി ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ പേട്ട ദിനേശനെ 19 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.

ജ്യേഷ്ഠന്റെ ഭാര്യ പെണ്ണുക്കുട്ടിയെ വീട്ടിനുള്ളിലിട്ട് തീയിട്ട് കൊന്നതിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ ജയിലില്‍ എത്തിയപ്പോഴാണ് ബാലുശേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പി വി അശോകന്‍ രവീന്ദ്രന്റെ കൊലപാതകത്തില്‍ പങ്കാളിയായത്. രവീന്ദ്രന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരില്‍ മൂന്നുപേര്‍ പാനൂര്‍ സെന്‍ട്രല്‍ പൊയിലൂര്‍ സ്വദേശികളാണ്. ഏച്ചിലാട്ട്ചാലില്‍ എ സി പവിത്രന്‍, കുഞ്ഞിപ്പറമ്പത്ത് കെ പി രഘു, തരശിയില്‍ സുനി എന്നിവരാണ് ശിക്ഷിക്കപ്പെട്ട സെന്‍ട്രല്‍ പൊയിലൂരുകാര്‍. പൊയിലൂരിലെ സിപിഎം പ്രവര്‍ത്തകന്‍ കേളോത്ത് പവിത്രനെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയുമ്പോഴാണ് വീണ്ടും കൊലപാതകം നടത്തിയത്.

മൊകേരിയിലെ കുനിയില്‍ കാളിയത്താന്‍ വീട്ടില്‍ ശശി എന്ന കൊട്ടക്ക ശശി മൊകേരിയിലെ കൃഷ്ണന്‍നായര്‍ വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുമ്പോഴാണ് രണ്ടാമത്തെ കൊലപാതകത്തിലും ശിക്ഷിക്കപ്പെടുന്നത്. കോഴിക്കോട് മാറാട് അരക്കിണര്‍ ഭദ്ര നിവാസില്‍ സനല്‍പ്രസാദ് കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. വിവാഹവാഗ്ദാനം നല്‍കി മുസ്‌ലിംയുവതിയെ ഗര്‍ഭിണിയാക്കിയ കേസില്‍ മാറാട് പോലിസ് കേസെടുത്തതിന് പിന്നാലെയാണ് രവീന്ദ്രന്‍ കേസില്‍ തലശേരി കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചത്.

എസ്എഫ്‌ഐ നേതാവ് കെ വി സുധീഷിനെ അച്ഛനമ്മമാരുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട കൂത്തുപറമ്പ് കൊയപ്രന്‍ വീട്ടില്‍ അനില്‍കുമാറിന് ഇനി രവീന്ദ്രന്‍ വധക്കേസിലെ ശിക്ഷാകാലമാണ്. ഡിവൈഎഫ്‌ഐ തളിക്കുളം പഞ്ചായത്ത് ഭാരവാഹിയായിരുന്ന ബിനേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് തൃശൂര്‍ വാടാനപ്പള്ളി തമ്പാന്‍ കടവിലെ കാഞ്ഞിരത്തിങ്കല്‍ ഫല്‍ഗുനന്‍. കൊലപാതകവും അക്രമവും പീഡനവും ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ആര്‍എസ്എസ്സുകാരെയാണ് തലശേരി കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കുന്നത്.




Tags:    

Similar News