യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം: ആരോപണവിധേയര്‍ക്ക് വധശിക്ഷ ലഭിച്ചേക്കില്ല

Update: 2025-01-01 02:57 GMT

വാഷിങ്ടണ്‍: ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചെന്ന കേസിലെ മൂന്നു ആരോപണവിധേയര്‍ക്ക് വധശിക്ഷ ലഭിച്ചേക്കില്ലെന്ന് റിപോര്‍ട്ട്. വധശിക്ഷക്ക് പകരം ജീവപര്യന്തം തടവുശിക്ഷ നല്‍കിയാല്‍ മതിയെന്ന പ്രോസിക്യൂഷന്റെയും ആരോപണവിധേയരുടെയും ധാരണക്കെതിരേ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിന്‍ നല്‍കിയ അപേക്ഷ പ്രത്യേക സൈനിക കമ്മീഷന്‍ തള്ളിയതാണ് കാരണം. 2001 സെപ്റ്റംബര്‍ പതിനൊന്നിന് നടന്ന ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരെന്ന് ആരോപിക്കപ്പെടുന്ന ഖാലിദ് ശെയ്ഖ് മുഹമ്മദ്, വാലിദ് ബിന്‍ അത്താ, മുസ്തഫ അല്‍ ഹാവ്‌സാവി എന്നിവരാണ് വിചാരണ നേരിടേണ്ടത്.



ക്യൂബയില്‍ നിന്നും യുഎസ് പിടിച്ചെടുത്ത ഗ്വാണ്ടനാമോ ദ്വീപിലെ കുപ്രസിദ്ധമായ തടങ്കല്‍ പാളയത്തിലാണ് മൂന്നു പേരും ഇപ്പോള്‍ ഉള്ളത്. കൊടിയ പീഡനങ്ങള്‍ക്കിരയാക്കി രേഖപ്പെടുത്തിയ മൊഴികള്‍ വിചാരണയില്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാവും. അതേസമയം, കേസിലെ മറ്റൊരു ആരോപണവിധേയനായ അമ്മര്‍ അല്‍ ബലൂച്ചി ഒരു ധാരണയ്ക്കും ഇതുവരെ തയ്യാറായിട്ടില്ല.


അമ്മര്‍ അല്‍ ബലൂച്ചി

അല്‍ ഖാഇദ സംഘടനയുടെ കൊറിയറാണെന്ന് ആരോപിക്കപ്പെട്ട മജിദ് ഖാന്‍ എന്നയാളെ നേരത്തെ 26 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഗ്വാണ്ടനാമോ തടങ്കല്‍ പാളയത്തില്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ കൊടിയ പീഡനങ്ങള്‍ക്കിരയായ മജീദ് ഖാനെ മാപ്പുനല്‍കി വിടണമെന്ന നിലപാടാണ് ഏഴംഗ ബെഞ്ചിലെ ചില ജഡ്ജിമാര്‍ക്കുണ്ടായിരുന്നത്.

യുഎസിന്റെ അതിര്‍ത്തിക്കുള്ളിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് 2011 സെപ്റ്റംബര്‍ പതിനൊന്നിലേത്. നാലു വിമാനങ്ങളാണ് ആക്രമണത്തിന് ഉപയോഗിക്കപ്പെട്ടത്. ഒരു വിമാനം വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കന്‍ ടവറിലും ഒരെണ്ണം തെക്കന്‍ ടവറിലും ഒരെണ്ണം യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്റഗണിലും ഇടിച്ചുകയറി. ഒരെണ്ണം പെന്‍സില്‍വാനിയയില്‍ തകര്‍ന്നുവീണു. ഏകദേശം 2,753 പേരാണ് കൊല്ലപ്പെട്ടത്.

അറബ് നാടുകളില്‍ യുഎസ് നടത്തുന്ന യുദ്ധങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും പ്രതികാരമായാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചതെന്നാണ് അല്‍ ഖാഇദ നേതാവായിരുന്ന ഉസാമ ബിന്‍ ലാദന്‍ അറിയിച്ചിരുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന ഓഡിയോ സന്ദേശവും ആക്രമണത്തിന് പിന്നാലെ പുറത്തുവന്നിരുന്നു. ഇതിന് ശേഷം നടത്തിയ അന്വേഷണത്തില്‍ പിടികൂടിയവരെ രണ്ടാം ലോകമഹായുദ്ധ കാലത്ത് വിദേശികളായ ആരോപണവിധേയരെ വിചാരണ ചെയ്യാന്‍ ഉപയോഗിച്ച രീതിയിലാണ് യുഎസ് വിചാരണ ചെയ്യുന്നത്.


മുമ്പ് 800ഓളം പേരെ പൂട്ടിയിട്ടിരുന്ന ഗ്വാണ്ടനാമോ തടങ്കല്‍ പാളയത്തില്‍ 2021ല്‍ 40 പേരുണ്ടായിരുന്നു. മറ്റുള്ളവരെ വിവിധ രാജ്യങ്ങളിലേക്ക് മാറ്റി. നാലു പേരെ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രാജ്യം മാറ്റി. 2001 മുതല്‍ പൂട്ടിയിട്ട ടുണീഷ്യന്‍ പൗരനായ റിദാ ബിന്‍ സാലിഹ് അല്‍ യസീദിയെ സ്വന്തം രാജ്യത്തേക്കാണ് അയച്ചത്. അല്‍ ഖാഇദ അംഗമാണെന്ന ആരോപിച്ച് 2001ല്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലവില്‍ 26 പേരാണ് ഈ തടങ്കല്‍ പാളയത്തില്‍ ഉള്ളത്. ഇതില്‍ 14 പേരെ കൂടെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

Tags:    

Similar News