മകന് ജോലി ലഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ വഴി വിട്ട നീക്കം; സിപിഎം വയനാട് ജില്ലാ സെക്രട്ടറി പ്രതിരോധത്തില്‍
പി ഗഗാറിന്റെ മകന്‍ പി ജി രഞ്ജിത്തിനായി സ്വകാര്യ എയ്ഡഡ് സ്‌കൂളില്‍ അധ്യാപക തസ്തിക ഉറപ്പിക്കാന്‍ നിയമ വിരുദ്ധ നീക്കങ്ങള്‍ക്ക് വയനാട്ടിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ കൂട്ടു നിന്നതിന്റെ വിവരങ്ങളാണു പുറത്തു വന്നത്.
പി സി അബ്ദുല്ല
കല്‍പറ്റ: സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ മകന് സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായി ജോലി ലഭിക്കാന്‍ വിദ്യാഭാസ വകുപ്പില്‍ നടന്ന വഴിവിട്ട നീക്കങ്ങള്‍ വിവാദത്തില്‍.
പി ഗഗാറിന്റെ മകന്‍ പി ജി രഞ്ജിത്തിനായി സ്വകാര്യ എയ്ഡഡ് സ്‌കൂളില്‍ അധ്യാപക തസ്തിക ഉറപ്പിക്കാന്‍ നിയമ വിരുദ്ധ നീക്കങ്ങള്‍ക്ക് വയനാട്ടിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ കൂട്ടു നിന്നതിന്റെ വിവരങ്ങളാണു പുറത്തു വന്നത്.
വെള്ളമുണ്ട എയുപി സ്‌കൂളിലാണ് സിപിഎം നേതാവിന്റെ മകനെ അധ്യാപകനായി നിയമിച്ചത്. ഈ നിയമനത്തിന് നിയമ സാധുത ലഭിക്കാനായി ആറാം പ്രവൃത്തി ദിനം രാത്രിയും സമീപ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികളെ വെള്ളമുണ്ട എയുപി സ്‌കൂളില്‍ ചേര്‍ത്തതായാണ് കണ്ടെത്തിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം ആയിരത്തിലധികമായി കാണിച്ച് പുതിയ അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ സമീപത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നടക്കം രാത്രിയാണ് വിദ്യാര്‍ഥികളെ ടിസി വാങ്ങി വെള്ളമുണ്ട സ്‌കൂളില്‍ ചേര്‍ത്തത്.
ആറാം പ്രവൃത്തി ദിനം വിദ്യാര്‍ഥികള്‍ക്ക് ടി സി നല്‍കി വിടുതല്‍ ചെയ്യരുതെന്നാണ് ചട്ടം. എന്നാല്‍, പ്രവൃത്തി സമയം കഴിഞ്ഞ് പൂട്ടിയ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റ് രാത്രി നിയമ വിരുദ്ധമായി തുറന്നാണ് ആറാം പ്രവൃത്തി ദിനം തരുവണ ഗവ.സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് ടി സി അനുവദിച്ച് അവരെ വെള്ളമുണ്ട എയുപി സ്‌കൂളില്‍ ചേര്‍ത്തത്. തരുവണ, വഞ്ഞോട് സ്‌കൂളുകളുടെ സമീപത്ത് താമസിക്കുന്ന വിദ്യാര്‍ഥികളെയാണ് ആ സ്‌കൂളുകളില്‍ നിന്നും മാറ്റി രാത്രിക്ക് രാത്രിയെന്ന പോലെ കിലോമീറ്ററുകള്‍ ദൂരെയുള്ള സ്വകാര്യ എയ്ഡഡ് സ്‌കൂളില്‍ ചേര്‍ത്തതെന്നതും ആരോപണങ്ങള്‍ക്ക് കൂടുതല്‍ ബലം പകരുന്നു.