മുസ് ലിംകളെ പന്നികളോട് ഉപമിച്ച് 'ദംഗല്‍' നായിക; അക്കൗണ്ട് നീക്കംചെയ്ത് ട്വിറ്റര്‍

വിദ്വേഷ പരാമര്‍ശത്തിനെതിരേ നിരവധി പേര്‍ രംഗത്തെത്തിയതോടെ ട്വിറ്റര്‍ കമ്മന്റ് നീക്കം ചെയ്യുകയും അക്കൗണ്ട് നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.

Update: 2020-04-04 18:56 GMT

ന്യൂഡല്‍ഹി: ലോകവ്യാപകമായി കൊറോണയെ നേരിടാന്‍ ഒറ്റക്കെട്ടായി പൊരുതുന്നതിനിടെ, നിസാമുദ്ദീന്‍ മര്‍കസ് സംഭവത്തിന്റെ മറപിടിച്ച് മുസ് ലിംകളെ പ്രകോപിപ്പിക്കുന്ന ട്വീറ്റുമായി ദംഗല്‍ ചിത്രത്തിലെ നായികയും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമായ ഗുസ്തി താരം ബബിത ഫോഗാത്ത് രംഗത്ത്. ഏപ്രില്‍ രണ്ടിനാണ് ഫോഗാത്ത് വിവാദ പരാമര്‍ശങ്ങളടങ്ങിയ ട്വീറ്റ് ചെയ്തത്. 'നിങ്ങളുടെ സ്ഥലത്ത് ഇത് വവ്വാലുകളിലൂടെ പടര്‍ന്നിരിക്കാം, ഇന്ത്യയില്‍ ഇത് നിരക്ഷരരായ പന്നികളിലൂടെയാണ് പടര്‍ന്നത്' എന്നാണ് ഫോഗാത്ത് ട്വീറ്റ് ചെയ്തത്. ഒപ്പം നിസാമുദ്ദീന്‍ ഇഡിയറ്റ്‌സ് എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ് ചെയ്തത്.

    ഇതില്‍ നിസാമുദ്ദീന്‍ മര്‍കസില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മുസ് ലിംകളാണ് കൊവിഡ് വ്യാപിപ്പിച്ചതെന്നും ഇവരെയാണ് പന്നികളെന്ന് അധിക്ഷേപിച്ചതെന്നതും വ്യക്തമാണ്. ഹിന്ദിയില്‍ എഴുതിയ ട്വീറ്റ് അതിവേഗം കൊണ്ട് രണ്ടായിരത്തിലേറെ പേരാണ് റീ ട്വീറ്റ് ചെയ്തത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് 19 പരിശോധനയ്‌ക്കെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ ഒരു കൂട്ടം ആളുകള്‍ ആക്രമിച്ച സംഭവത്തെ ഉദ്ദേശിച്ചാണ് പരാമര്‍ശമെന്നാണ് ന്യായീകരണം. രാജ്യത്താകെ പോലിസിനെയും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആക്രമിച്ചവരെ അപലപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തന്റെ പോസ്റ്റ് എന്നായിരുന്നു ഗുസ്തി താരത്തിന്റെ വിശദീകരണം. 'ഈ പ്രതിസന്ധിയില്‍ ഞങ്ങളുടെ പരിചകളായിരുന്ന ഡോക്ടര്‍മാരെയും പോലിസിനെയും നഴ്‌സുമാരെയും ആക്രമിക്കുന്നവരെ ഞാന്‍ മറ്റെന്താണ് വിളിക്കേണ്ടത്. ഏതെങ്കിലും പ്രത്യേക മതത്തിനോ ജാതിക്കോ എതിരായി എഴുതാന്‍ എനിക്ക് ഉദ്ദേശ്യമില്ല. ഈ ട്വീറ്റില്‍ ഞാന്‍ എഴുതിയവര്‍ക്കെതിരെ മാത്രമാണ് എഴുതിയതെന്നും ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. വിദ്വേഷ പരാമര്‍ശത്തിനെതിരേ നിരവധി പേര്‍ രംഗത്തെത്തിയതോടെ ട്വിറ്റര്‍ കമ്മന്റ് നീക്കം ചെയ്യുകയും അക്കൗണ്ട് നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.

   


ഫോഗാത്ത് കുടുംബത്തിന്റെ കഥ ആസ്പദമാക്കി ആമിര്‍ ഖാന്‍ നിര്‍മിച്ച ദംഗല്‍ എന്ന സിനിമയ്ക്കു ശേഷമാണ് ബബിത ഫോഗാത്ത് പ്രശസ്തി നേടിയത്. കഴിഞ്ഞ വര്‍ഷം തന്റെ പിതാവ് മഹാവീര്‍ ഫോഗത്തിനൊപ്പം ഇവര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. നരേന്ദ്രമോദിയുടെ ചിത്രമാണ് ഇവരുടെ ട്വിറ്റര്‍ അക്കൗണ്ടിലുള്ളത്. നിസാമുദ്ദീന്‍ ഇഡിയറ്റ്‌സ് എന്ന് ഉദ്ദേശിച്ചത് മുസ് ലിംകളെയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ആമിര്‍ ഖാന്റെ ദംഗലാണ് ഇവര്‍ക്ക് പ്രശസ്തി നേടിക്കൊടുത്തതെന്നും ഇപ്പോള്‍ അതേ ആമിര്‍ഖാന്റെ സമുദായത്തെ അവഹേളിക്കുകയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. 'ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്നതും വര്‍ഗീയവല്‍ക്കരിക്കുന്നതിനുമുള്ള' ശ്രമമാണ് ഫോഗാത്തിന്റെ ട്വീറ്റ് എന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു.

   


 

ആമിര്‍ ഖാന്‍, ബബിത ഫോഗാത്തിനെപ്പോലുള്ള നിസ്സാരക്കാരെ ജനശ്രദ്ധയാകര്‍ഷിപ്പിച്ചു. ഇന്ന് അവള്‍ ലജ്ജയില്ലാതെ അവന്റെ സമൂഹത്തെ അവഹേളിക്കുകയാണെന്നു ഡോണ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. മുന്‍ ഗുസ്തി താരം മഹാവീര്‍ ഫോഗാത്ത് തന്റെ രണ്ടു മക്കളായ ബബിതയ്ക്കും ഗീതയ്ക്കും പരിശീലനം നല്‍കുന്ന കഥ വിവരിക്കുന്ന എക്കാലത്തെയും ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് ആമിറിന്റെ 2016ല്‍ പുറത്തിറങ്ങിയ ദംഗല്‍.




Tags:    

Similar News