1993ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസ്: അബ്ദുല്‍ കരീം തുണ്ടയെ കോടതി വെറുതെവിട്ടു

Update: 2024-02-29 12:02 GMT

അജ്മീര്‍: 1993ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അബ്ദുല്‍ കരീം തുണ്ടയെ കോടതി കുറ്റവിമുക്തനാക്കി. മതിയായ തെളിവുകള്‍ നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജസ്ഥാനിലെ അജ്മീറിലെ ടാഡ പ്രത്യേക കോടതി വെറുതെവിട്ടത്. എന്നാല്‍ കേസിലെ രണ്ട് പ്രതികളായ ഇര്‍ഫാന്‍, ഹമീദുദ്ദീന്‍ എന്നിവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ മുംബൈയിലെ നാലു ട്രെയിനുകളില്‍ സ്‌ഫോടനം നടത്തിയെന്നാണ് ആരോപണം. രണ്ട് പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയാണെന്ന് ആരോപിച്ചാണ് അബ്ദുല്‍ കരീം തുണ്ടയെ പ്രതിചേര്‍ത്തത്. ഇദ്ദേഹത്തിനെതിരേ ചുമത്തിയ എല്ലാ കുറ്റങ്ങളില്‍ നിന്നും കോടതി വെറുതെവിട്ടതായി അഭിഭാഷന്‍ ഷഫ്ഖത്തുല്ല സുല്‍ത്താനി അജ്മീറില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 1996ലെ ബോംബ് സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് നിലവില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനാല്‍ 84കാരനായ തുണ്ടയ്ക്ക് ജയില്‍മോചിതനാവാന്‍ കഴിയില്ല. പ്രതികളെ ടെററിസ്റ്റ് ആന്റ് ഡിസ്‌റപ്റ്റീവ് ആക്ടിവിറ്റീസ്(പ്രിവന്‍ഷന്‍) ആക്ട് -ടാഡ പ്രകാരമാണ് അറസ്റ്റു ചെയ്തിരുന്നത്. സിബിഐയാണ് കേസ് അന്വേഷിച്ചത്. വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിബിഐ അറിയിച്ചു.

Tags:    

Similar News