റിയാദ്: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹരജി ഇന്ന് കോടതി പരിഗണിക്കും. മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി അപ്രതീക്ഷിതമായി കേസ് മാറ്റി വച്ചിരുന്നു.
പബ്ലിക് റൈറ്റ്‌സ് നടപടിക്രമങ്ങള്‍ അവസാനിച്ചുള്ള അന്തിമ വിധിയും ഒപ്പം മോചന ഉത്തരവും നല്‍കുമെന്നാണ് വിശ്വാസമെന്ന് അബ്ദുള്‍ റഹീമിന്റെ കുടുംബത്തിന്റെ വിശ്വാസം. കഴിഞ്ഞ നവംബര്‍ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. പബ്ലിക് റൈറ്റ്‌സ് നടപടിക്രമങ്ങളുടെ ഭാഗമായ അന്തിമ ഉത്തരവ് മോചനത്തില്‍ റഹീമിന് നിര്‍ണായകമാണ്.
അബ്ദുല്‍ റഹീം 2006ലാണ് സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്പ് ഡിസംബര്‍ 26ന് ജോലിക്കിടെ സ്‌പോണ്‍സറായ സൗദി പൗരന്‍ ഫായിസ് അബ്ദുല്ല അബ്ദുറഹിമാന്‍ അല്‍ ശഹ്‌രിയുടെ 15 വയസ്സുകാരനായ മകന്‍ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റിയാദ് അല്‍ ഖര്‍ജ് റോഡിലെ അല്‍ ഇസ്‌കാന്‍ ജയിലിലെത്തി അബ്ദുല്‍ റഹീമും മാതാവ് ഫാത്തിമയും കഴിഞ്ഞ തിങ്കളാഴ്ച നേരില്‍ കണ്ടു സംസാരിച്ചിരുന്നു.