റഷ്യ- യുക്രെയ്ന്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുത്ത ചെല്‍സി ഉടമ അബ്രമോവിച്ചിന് വിഷബാധയേറ്റതായി റിപോര്‍ട്ട്

Update: 2022-03-29 03:18 GMT

കീവ്: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ മാര്‍ച്ച് മൂന്നിനു നടന്ന റഷ്യ- യുക്രെയ്ന്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുത്ത റഷ്യന്‍ ശതകോടീശ്വരനും ചെല്‍സി ഫുട്‌ബോള്‍ ക്ലബ് ഉടമയുമായ റോമന്‍ അബ്രമോവിച്ചിന് വിഷബാധയേറ്റതായി റിപോര്‍ട്ട്. യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമിര്‍ സെലെന്‍സ്‌കിക്കും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും ഇടയില്‍ മധ്യസ്ഥനായിരുന്നു അബ്രമോവിച്ച്. യുക്രെയ്‌നിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വിഷബാധയേറ്റ ലക്ഷണങ്ങളുള്ളതായി വോള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തു. സമാധാന ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷം രാത്രി കീവിലെ ഹോട്ടലിലാണ് അബ്രമോവിച്ചും മറ്റ് രണ്ടുപേരും താമസിച്ചത്.

പിറ്റേന്ന് രാവിലെ ഉറക്കമുണരുമ്പോള്‍ ഇവരുടെ കണ്ണുകള്‍ ചുവന്ന് കടുത്ത വേദന അനുഭവപ്പെടുകയും മുഖത്തെയും കൈകളിലെയും തൊലിയിളകുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. രാസായുധങ്ങളിലൂടെയാണ് ഇവര്‍ക്ക് വിഷബാധയേറ്റതെന്നാണ് ഡെയ്‌ലി മെയില്‍ റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഇവരുടെ നില ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായുമാണ് വിവരം.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തുനിന്ന് വിശദീകരണമൊന്നും വന്നിട്ടില്ല. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ അടുത്ത അനുയായിയാണ് ചെല്‍സി ക്ലബ് ഉടമയായ അബ്രമോവിച്ച്. റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അബ്രമോവിച്ചിന്റെ അക്കൗണ്ടുകള്‍ യുകെ മരവിപ്പിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അട്ടിമറിക്കണമെന്ന് പറഞ്ഞ മോസ്‌കോയിലെ കടുത്ത നിലപാടുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് ചില റിപോര്‍ട്ടുകള്‍ കുറ്റപ്പെടുത്തുന്നു.

Tags:    

Similar News