അബൂദബി: യുഎഇയിലെ അബൂദബിയില്‍ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് വഹിക്കുമെന്ന് സര്‍ക്കാര്‍. മരണ സര്‍ട്ടിഫിക്കറ്റ് അനുവദിക്കല്‍, പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി എല്ലാതരത്തിലുള്ള ഫീസും സര്‍ക്കാര്‍ വഹിക്കും. അബൂദബി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന സനദ്‌കോം പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ജനുവരിയില്‍ യുഎഇ പൗരന്‍മാര്‍ക്കായി നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോള്‍ അബൂദബിയിലെ വിദേശികള്‍ക്കും ബാധകമാക്കിയിരിക്കുന്നത്.
മരണപ്പെട്ടവരുടെ കുടുംബങ്ങളെ സനദ്‌കോം പ്രവര്‍ത്തകര്‍ ആശ്വസിപ്പിക്കുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യും. കൂടാതെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടുന്നതിലെ സങ്കീര്‍ണതകളും ഒഴിവാക്കും.ഓരോ മരണവുമായി ബന്ധപ്പെട്ട കാര്യവും പരിശോധിക്കാന്‍ പ്രത്യേക ഡോക്ടറെ ചുമതലപ്പെടുത്തും. കുടുംബത്തിന്റെ സമ്മതത്തോടെ വേണ്ട കാര്യങ്ങളെല്ലാം ഈ ഡോക്ടര്‍ ചെയ്യും.
'' സര്‍ക്കാര്‍ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് കീഴില്‍, സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും അസാധാരണവും അതുല്യവുമായ സേവനങ്ങളുടെ വിതരണം മെച്ചപ്പെടുത്തുന്നതിനും ഉറപ്പാക്കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിന്റെ വൈകാരികമായ ആഘാതം തിരിച്ചറിഞ്ഞുകൊണ്ട്, സനദ്‌കോം അവര്‍ക്ക് അനുകമ്പയുള്ള പിന്തുണ നല്‍കുന്നു, ആവശ്യമുള്ള ഏത് നടപടിക്രമങ്ങളിലൂടെയും ദുഃഖിതരായ കുടുംബങ്ങളെ സഹായിക്കും.''- ആരോഗ്യവകുപ്പിന്റെ പ്രസ്താവന പറയുന്നു.
'സനദ്‌കോമിന്റെ സേവനങ്ങള്‍ വിപുലീകരിക്കുമെന്ന പ്രതിബദ്ധതയില്‍ ഉറച്ചുനിന്നാണ് അബൂദബിയിലെ എല്ലാ താമസക്കാര്‍ക്കും ഈ സംരംഭത്തിന്റെ ആനുകൂല്യങ്ങള്‍ വ്യാപിപ്പിക്കുന്നത്''-ആരോഗ്യവകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹിന്ദ് അല്‍ സാബി പറഞ്ഞു.