ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതിയെ വെറുതെവിട്ട സംഭവം: പോലിസ് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴിപ്പെട്ടതിന്റെ ഫലമെന്ന് എസ് ഡിപിഐ
തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന് കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പ്രതിയെ വെറുതെ വിട്ട സംഭവം പോലിസ്-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് എസ്ഡിപിഐ ഇടുക്കി ജില്ലാ പ്രസിഡന്റ് ഷമീര്‍ മേച്ചേരി പറഞ്ഞു. 2021 ജൂണ്‍ 30ന് പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. സംസ്ഥാനതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ക്രൂരമായ കൊലപാതകം സംബന്ധിച്ച് കൃത്യമായി അന്വേഷണം നടത്തുന്നതിലും പ്രതിക്കെതിരേ ശക്തമായ തെളിവ് ശേഖരിക്കുന്നതിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി കോടതി വിധി വ്യക്തമാക്കുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന പ്രതി അര്‍ജുനനെ രക്ഷിക്കാനായി രാഷ്ട്രീയതലത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണം. കോടതിയില്‍ പ്രതിക്കെതിരേ ശക്തമായ നിലപാടെടുക്കുന്നതില്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച ഉണ്ടായതായി വിലയിരുത്തപ്പെടുന്നു. ക്രൂരമായി കൊലചെയ്യപ്പെട്ട 6 വയസ്സുകാരിയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കുന്നതിനായി എസ്ഡിപിഐ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടാവുമെന്നും ആവശ്യമായ എല്ലാ നിയമസഹായങ്ങളും നല്‍കാന്‍ പാര്‍ട്ടി സന്നദ്ധമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷമീര്‍ മേച്ചേരി വ്യക്തമാക്കി.