ചെങ്കോട്ടയിലെ സംഘര്‍ഷം: നടന്‍ ദീപ് സിദ്ദുവിന് ജാമ്യം

Update: 2021-04-17 08:50 GMT

ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയ്ക്കിടെ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദീപ് സിദ്ദുവിന് ജാമ്യം. ശനിയാഴ്ച ഡല്‍ഹിയിലെ അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 30,000 രൂപ വീതമുള്ള രണ്ട് പേരുടെ വ്യക്തിഗത ബോണ്ടിന്‍മേലാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളും ജാമ്യവ്യവസ്ഥയിലുണ്ട്.

ചെങ്കോട്ടയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഒളിവില്‍ പോയ സിദ്ദുവിനെ കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് ഡല്‍ഹിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുഌഹരിയാനയിലെ കര്‍ണാലില്‍നിന്ന് ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. സിദ്ദുവിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിദ്ദു സമരത്തില്‍ പങ്കെടുത്തതെന്നും ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, സിദ്ദു ജനക്കൂട്ടത്തെ സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതിന് തെളിവില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. വിയോജിപ്പും അഭിപ്രായപ്രകടനങ്ങളും ജനാധിപത്യത്തിന് അടിസ്ഥാനമാണെന്നത് തര്‍ക്കവിഷയമാണ്.

പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരനും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ഇപ്പോഴത്തെ എഫ്‌ഐആര്‍ അദ്ദേഹത്തിന്റെ പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. സംഘര്‍ഷത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ സിദ്ദുവാണെന്നായിരുന്നു ഡല്‍ഹി പോലിസിന്റെ കണ്ടെത്തല്‍.

Tags:    

Similar News