നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം: ദിലീപ് ചോദ്യം ചെയ്യലിനായി ഹാജരായി

എറണാകുളം ആലുവയിലെ പോലിസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യലിനായി ദിലീപ് ഹാജരായിരിക്കുന്നത്.തുടര്‍ന്ന് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.

Update: 2022-03-28 07:54 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദീലിപ് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി.എറണാകുളം ആലുവയിലെ പോലിസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യലിനായി ദിലീപ് ഹാജരായിരിക്കുന്നത്.തുടര്‍ന്ന് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി.ദിലീപ് എട്ടാം പ്രതിയാണ്.നേരത്തെ കേസില്‍ അറസ്റ്റിലായ ദിലീപ് 88 ദിവസത്തോളം റിമാന്റില്‍ കഴിഞ്ഞ ശേഷമായിരുന്നു ജാമ്യം കിട്ടി പുറത്തിറങ്ങിയത്.കേസിന്റെ വിചാരണ നടപടികള്‍ നടക്കുന്നതിനിടയില്‍ അടുത്തിടെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തിലിനെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചതും കോടതി അനുമതി നല്‍കിയതും.

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി,നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നങ്ങനെയായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.ഇതേ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരടക്കം ആറു പേര്‍ക്കെതിരെ അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തിരന്നു. ഈ കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കണ്ടോ,ബാലചന്ദ്രകുമാറിന്റെവെളിപ്പെടുത്തല്‍,സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചോ എന്നിവടയടക്കമുള്ള കാര്യങ്ങളായിരിക്കും ദിലീപില്‍ നിന്നും അന്വേഷണ സംഘം ചോദിക്കുകയെന്നാണ് വിവരം.ദിലീപ് ഹാജരാക്കിയ മൊബൈല്‍ ഫോണകുളിലെ വിവരങ്ങള്‍ നീക്കിയെന്ന് ഫൊറന്‍സിക് ലാബിന്റെ കണ്ടെത്തല്‍ സംബന്ധിച്ചും അന്വേഷണ സംഘം ദിലീപിനോട് ചോദിക്കുമെന്നാണ് വിവരം.മൊബൈലില്‍ നിന്നും ഡാറ്റകള്‍ നശിപ്പിക്കാന്‍ സൈബര്‍ വിദഗ്ദന്റെ സഹായം തേടിയെന്നതടക്കമുള്ള വിവരവും അന്വേഷണ സംഘം ദിലീപില്‍ നിന്നും തേടും.

Tags:    

Similar News