നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; രണ്ടു ദിവസമായി ദിലീപിനെ അന്വേഷണം സംഘം ചോദ്യം ചെയ്തത് 16 മണിക്കൂര്‍
രണ്ടാം ദിവസമായ ഇന്ന് ദിലീപിനെ ഒമ്പതര മണിക്കൂറിലധികം ചോദ്യം ചെയ്തു.ഇന്നലെ ഏഴു മണിക്കൂറും ചോദ്യം ചെയ്തിരുന്നു.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അടുത്തിടെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ആലുവ പോലിസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി ഒപ്പമിരുത്തി ദിലീപിനെ അന്വേഷണം സംഘം ചോദ്യം ചെയ്തു
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദീലിപിനെ രണ്ടാം ദിവസം ചോദ്യം ചെയ്ത് വിട്ടയച്ചു.രണ്ടു ദിവസമായി ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത് പതിനാറര മണിക്കൂര്‍.രണ്ടാം ദിവസമായ ഇന്ന് ദിലീപിനെ ഒമ്പതര മണിക്കൂറിലധികം ചോദ്യം ചെയ്തു.ഇന്നലെ ഏഴു മണിക്കൂറും ചോദ്യം ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അടുത്തിടെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ആലുവ പോലിസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി ഒപ്പമിരുത്തി ദിലീപിനെ അന്വേഷണം സംഘം ചോദ്യം ചെയ്തു.ദിലീപിന്റെ ചോദ്യം ചെയ്യല്‍ തല്‍ക്കാലം പൂര്‍ത്തിയായെന്ന് എഡിജിപി എസ് ശ്രീജിത്ത് വ്യക്തമാക്കി.ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യും.കുടുതല്‍ പേരെ വരുദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും എസ് ശ്രീജിത്ത് വ്യക്തമാക്കി.ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു രണ്ടു ദിവസവും ദിലീപിനെ ചോദ്യം ചെയ്തത്.
വീണ്ടും വിളിപ്പിക്കുമെന്ന് അന്വേഷണം സംഘം അറിയിച്ചിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എന്നു വരണമെന്ന് നാളെ അറിയിക്കും.മറ്റു പലരെയും തനിക്കൊപ്പമിരുത്തിചോദ്യം ചെയ്യുമെന്നാണ് താന്‍ മനസിലാക്കുന്നത്.ആരൊക്കെയാണ് എന്ന് പറഞ്ഞിട്ടില്ല. ശരത്തിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്യുമെന്നാണ് മനസിലാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പോലിസിന്റെ പക്കല്‍ കൂടുതല്‍ തെളിവുകളുണ്ടെന്നാണ് തനിക്ക് മനസിലായത്. ദിലീപിനെ ഒപ്പമിരുത്തി ചോദ്യം ചെയ്തുവെങ്കിലും തങ്ങള്‍ തമ്മില്‍ സംസാരിച്ചില്ലെന്നും ബാലചന്ദ്രകുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചതും കോടതി അനുമതി നല്‍കിയതും.നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി,നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നങ്ങനെയായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരടക്കം ആറു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നുമായിരുന്നു ദിലീപ് അന്വേഷണ സംഘത്തെ അറിയിച്ചത്.ഇതേ തുടര്‍ന്നാണ് ഇതില്‍ വ്യക്തത വരുത്തുന്നതിനായി ബാലചന്ദ്രകുമാറിനെയും ക്രൈംബ്രാഞ്ച് ഇന്ന് വിളിച്ചു വരുത്തിയത്.തുടര്‍ന്ന് ഉച്ചകഴിഞ്ഞ് ഇരുവരെയും ഒപ്പമിരുത്തി ചോദ്യം ചെയ്തു.ദിലീപിന്റെ മറ്റൊരു സുഹൃത്തായ വ്യവസായി ശരത്തിനെയും ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തു.കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലാണ് ശരത്തിനെ ചോദ്യം ചെയ്തത്.ശരത്തിനെ നാളെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.