ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി നാളെ വീണ്ടും പരിഗണിക്കും; ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നതിലും നാളെ തീരുമാനം
ദിലീപ് അടക്കമുള്ള പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പ്രോസിക്യൂഷന്‍ .തന്നെ എങ്ങനെയും കസ്റ്റഡിയില്‍ എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്ന് ദിലീപ് ഹൈക്കോടതിയില്‍.
കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും മൂന്‍കൂര്‍ ജാമ്യഹരജി നാളെ വീണ്ടും പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് ദിലിപും കൂട്ടു പ്രതികളും ഇന്ന് സമര്‍പ്പിച്ച ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നത് സംബന്ധിച്ചും നാളെ കോടതി തീരുമാനമെടുക്കും.നാളെ ഉച്ചയക്ക് ഒന്നേമുക്കാലിനാണ് ഹരജി വീണ്ടും പരിഗണിക്കുന്നത്.
കേസ് ഇന്ന് വീണ്ടും പരിഗണിക്കവെ ഇരു വിഭാഗങ്ങളും ശക്തമായ വാദ പ്രതിവാദമാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഉയര്‍ത്തിയത്. ദിലീപിന്റെ അടക്കം ആറു ഫോണുകള്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ കൈമാറിയതായി ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.പ്രോസിക്യൂഷന്‍ പറയുന്ന നാലാമത്തെ ഫോണിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ദിലീപിനു വേണ്ടി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.പ്രതികളില്‍ നിന്നും സഹകരണം പ്രതീക്ഷിക്കുന്നില്ല.കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ ഒരു പാട് ദുരം മുന്നോട്ടുപോകുകയും നിരവധി തെളിവുകളും ശേഖരിക്കുകയും ചെയ്തു.ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്‍ കൂര്‍ ജാമ്യത്തിനു മാത്രമല്ല സാധാരണ ജാമ്യത്തിന് പോലും അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
കേട്ടു കേള്‍വിയില്ലാത്ത വിധമുള്ള വ്യവസ്ഥകളാണ് കുറ്റാരോപിതര്‍ പറയുന്നത്.ഫോണുകള്‍ തന്റെ പക്കലുണ്ടെങ്കിലും അന്വേഷണ ഏജന്‍സിക്ക് നല്‍കില്ലെന്ന നിലപാടാണ് ഇവരുടേത്.മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ഈ പ്രതിക്കു മാത്രമെന്താണ് പ്രത്യേകതയെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് മോശമായ മാതൃക സൃഷ്ടിക്കുമെന്നും പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു.പ്രതികള്‍ ഹാജരാക്കിയ ഫോണുകള്‍ അടിയന്തരമായി ക്രൈംബ്രാഞ്ചിന് കൈമാറണം. അവരുടെ ഫോണ്‍ എവിടേക്കാണ് പരിശോധനയ്ക്ക് അയക്കേണ്ടതെന്ന് പ്രതികള്‍ക്ക് നിര്‍ദേശിക്കാനാവില്ല. പ്രോസിക്യുഷന്‍ കോടതിയില്‍ വാദിച്ചു.ഫോണുകള്‍ അന്വേഷിക്കുന്നുവെന്ന അറിഞ്ഞയുടന്‍ പ്രതികള്‍ ഇത് ബോംബെയിലേക്ക് അയച്ചു. മറ്റേതെങ്കിലും കുറ്റാരോപിതര്‍ക്ക് അത്തരം പ്രത്യേകാവകാശം ലഭിക്കുമോയെന്നും പ്രോസിക്യുഷന്‍ കോടതിയോട് ചോദിച്ചു.
ഫോണുകള്‍ സംബന്ധിച്ച് ഒരിക്കല്‍ പോലും കുറ്റാരോപിതര്‍ വെളിപ്പെടുത്തിയിട്ടില്ല. സിഡിആര്‍ അന്വേഷത്തിലൂടെയാണ് അന്വേഷണ സംഘം ഇത് കണ്ടെത്തിയതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.എന്നാല്‍ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടത് പ്രകാരം 33 മണിക്കൂര്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായെന്നും പ്രതിഭാഗം വാദിച്ചു.ഇപ്പോഴിതാ പുതിയ വിഷയവുമായി അന്വേഷണ സംഘം എത്തിയിരിക്കുകയാണെന്ന് പ്രതിഭാഗം വാദിച്ചു.മാധ്യമ വിചാരണയാണ് നടക്കുന്നത്.ഈ കേസ് മുഴുവന്‍ വെറും കൃത്രിമം മാത്രമാണ്.തന്റെ 84 വയസ്സുള്ള അമ്മയൊഴികെ, എല്ലാ കുടുംബാംഗങ്ങളെയും കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും ദിലീപിനു വേണ്ടി അഭിഭാഷകന്‍ വാദിച്ചു.തന്നെ ഏതു വിധേനയും കസ്റ്റഡിയില്‍ കിട്ടുന്നതിനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നതെന്നും ദിലീപിനു വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
അന്വേഷ ഉദ്യോഗസ്ഥര്‍ എല്ലാം കെട്ടിച്ചമയ്ക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.ഫോണുകള്‍ ഉടന്‍ തങ്ങള്‍ക്ക് കിട്ടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.എന്തിനാണ് ഇത്ര തിടുക്കമെന്ന് പ്രതിഭാഗത്തിന്റെ ചോദ്യത്തിന് കേസിലെ ഗുഢാലോചന തങ്ങള്‍ക്ക് തെളിയിക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു പ്രോസിക്യഷന്റെ മറുപടിഗൂഢാലോചന തെളിയിക്കാന്‍ ഫോണുകളില്‍ എന്താണുള്ളതെന്ന് പ്രതിഭാഗത്തിന്റെ ചോദ്യത്തിന് പിന്നെ എങ്ങനെ ഗൂഢാലോചന തെളിയിക്കുമെന്ന് ചോദ്യമായിരുന്നു പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.തെളിവിനു വേണ്ടി അന്വേഷണ സംഘം യാചിക്കേണ്ട അവസ്ഥയാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
കേസ് വീണ്ടും ബുധനാഴ്ച പരിഗണിച്ചാല്‍ പോരെയെന്ന് കോടതി ചോദിച്ചുവെങ്കിലും ബുധനാഴ്ച അസൗകര്യമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.തുടര്‍ന്ന് വ്യാഴാഴ്ചത്തേക്ക് മാറ്റാമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചുവെങ്കിലും അത്രയും നീണ്ടു പോകുരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയോടെ അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ് നാളെ ഉച്ചയക്ക് വീണ്ടും കേസ് പരിഗണിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.ഹരജി വീണ്ടും നാളെ 1.45 ന് പരിഗണിക്കാമെന്ന് കോടതിയുടെ നിര്‍ദ്ദേശത്തെ പ്രതിഭാഗം അനുകൂലിച്ചു. അതുവരെ ഫോണുകള്‍ ഹൈക്കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും അന്വേഷണ സംഘത്തിന് കൈമാറരുതെന്നും പ്രതിഭാഗം കോടതിയോട് അഭ്യര്‍ഥിച്ചു.തുടര്‍ന്നാണ് ഫോണുകളുടെ കാര്യത്തിലും നളെ തീരുമാനമെടുക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.