ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ ഹരജിയുമായി നടി രഞ്ജിനി
കൊച്ചി: മലയാള ചലച്ചിത്ര രംഗത്തെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ സംബന്ധിച്ച ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തിവിടുന്നതിനെതിരേ വീണ്ടും ഹൈക്കോടതയില്‍ ഹരജി. നടി രഞ്ജിനിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പുറത്തുവിടുന്ന റിപോര്‍ട്ടില്‍ സ്വകാര്യതയുടെ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്നും മൊഴി നല്‍കിയവര്‍ക്ക് പകര്‍പ്പ് നല്‍കി അവരെകൂടി ബോധ്യപ്പെടുത്തണമെന്നുമാണ് ആവശ്യം. എന്നാല്‍, ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ തിങ്കളാഴ്ചത്തേക്ക് മാറ്റി. നേരത്തേ, നിര്‍മാതാവ് സജിമോന്‍ പാറയില്‍ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ സമ്പാദിച്ചെങ്കിലും പുറത്തുവിടണമെന്ന് പിന്നീട് ഉത്തരവിട്ടിരുന്നു. 233 പേജുള്ള റിപോര്‍ട്ടില്‍ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു. റിപോര്‍ട്ടിലെ 49ാം പേജിലെ 96ാം ഖണ്ഡികയും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ 165 മുതല്‍ 196 വരെയുള്ള ഖണ്ഡികകളും ഒഴിവാക്കുമെന്നാണ് വിവരം. ആകെ 60ഓളം പേജുകള്‍ ഒഴിവാക്കിയിട്ടുണ്ടെന്നാണ് സൂചന.
ദിലീപ് മുഖ്യപ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിനു പിന്നാലെയാണ് ഹേമാ കമ്മിറ്റി അന്വേഷണം നടത്തിയത്. തുടര്‍ന്ന് 2019 ഡിസംബറില്‍ 300 പേജുള്ള റിപോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പുറത്തുവിട്ടിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലോടെയാണ് റിപോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.