എഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി; കൊലപാതക സാധ്യത പോലിസ് പരിശോധിക്കണം
കൊച്ചി: കണ്ണൂര്‍ എഡിഎമ്മായിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നാവശ്യപ്പെട്ട് ഭാര്യ കെ മഞ്ജുഷ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. നിലവിലെ പോലിസ് അന്വേഷണം തൃപ്തികരമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. നവീന്‍ ബാബു കൊല്ലപ്പെട്ടതാണെന്ന കുടുംബത്തിന്റെ ആരോപണം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണത്തിന് കണ്ണൂര്‍ ഡി ഐജി മേല്‍നോട്ടം വഹിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി പി ദിവ്യയാണ് ആത്മഹത്യാപ്രേരണക്കേസിലെ പ്രതി. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിച്ച് ദിവ്യ പ്രസംഗിച്ചിരുന്നു. പിറ്റേന്ന്, ഒക്ടോബര്‍ 15-ന് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സിലാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.