എഡിഎം നവീന്‍ ബാബു രാഷ്ട്രീയ ധാര്‍ഷ്ട്യത്തിന്റെ ഇര: കെ കെ അബ്ദുല്‍ ജബ്ബാര്‍
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യയ്ക്ക് സ്ഥാനത്ത് തുടരാന്‍ യാതൊരു അര്‍ഹതയുമില്ല. ആത്മഹത്യാ പ്രേരണ കുറ്റത്തിന് അവര്‍ക്കെതിരേ കേസെടുക്കണം.
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു രാഷ്ട്രീയ ധാര്‍ഷ്ട്യത്തിന്റെ ഇരയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. ക്ഷണിക്കപ്പെടാതെ യാത്രയയപ്പ് വേദിയിലെത്തി അപമാനിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി അങ്ങേയറ്റം അനുചിതവും പ്രതിഷേധാര്‍ഹവുമാണ്. എഡിഎം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ നിയമപരമായ വഴി തേടാമെന്നിരിക്കേ സദസ്സിലെത്തി അപമാനിച്ചത് അധികാര രാഷ്ട്രീയത്തിന്റെ ഹുങ്ക് കൊണ്ടാണ്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യയ്ക്ക് സ്ഥാനത്ത് തുടരാന്‍ യാതൊരു അര്‍ഹതയുമില്ല. ആത്മഹത്യാ പ്രേരണ കുറ്റത്തിന് അവര്‍ക്കെതിരേ കേസെടുക്കണം. ദാരുണമായ സംഭവത്തിലേക്ക് നയിച്ച പമ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട് അവരുടെ വ്യക്തിപരമായ താല്‍പ്പര്യം എന്താണെന്ന് അറിയാന്‍ പൊതുസമൂഹത്തിന് താല്‍പ്പര്യമുണ്ട്.
കേവലം അഴിമതിയുടെ പ്രശ്‌നം മാത്രമല്ല, അഴിമതി തടയുന്നതിനും കുറ്റക്കാരെ ശിക്ഷിക്കാനും നിയമപരമായ മാര്‍ഗമുണ്ട്. ഏതു വൃത്തികേടിനും പാര്‍ട്ടി കൂടെയുണ്ടാവുമെന്ന തോന്നല്‍ പലരെയും അന്ധരാക്കി മാറ്റുന്നു എന്നതിന്റെ തെളിവാണിത്. ബ്യൂറോക്രസിയും രാഷ്ട്രീയാധികാരവും തമ്മില്‍ ആശാസ്യകരമല്ലാത്ത മല്‍സരത്തിനും പകയ്ക്കും ഇത്തരം സംഭവങ്ങള്‍ ഇടയാക്കും.
രാഷ്ട്രീയാധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ ജീവനക്കാരെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന സംഭവങ്ങളും വിരളമല്ല. ഭാവിയില്‍ ഇത്തരം ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സമഗ്രമായ നടപടികള്‍ ഉണ്ടാവണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.