കോഴിക്കോട്: കടലുണ്ടി കോട്ടക്കടവ് പാലത്തിനു സമീപം ഫ്‌ളോട്ടിങ് റസ്‌റ്റോറന്റ് സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 3.94 കോടിരൂപയുടെ അനുമതിയാണ് ലഭിച്ചത്.
ബേപ്പൂര്‍ മണ്ഡലത്തില്‍പ്പെട്ട കടലുണ്ടി കോട്ടക്കടവ് പാലത്തിനു സമീപത്തായി 82 പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് ഫ്‌ളോട്ടിങ് റെസ്‌റ്റോറന്റ് നിര്‍മിക്കുക. ഐ ഐ ടി മദ്രാസ് സാങ്കേതിക പരിശോധന നടത്തി സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തിയ രൂപരേഖ പരിഗണിച്ചാണ് ഭരണാനുമതി നല്‍കിയത്. ജൂണില്‍ നിര്‍മാണം ആരംഭിച്ച് ഒന്‍പതു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നു നല്‍കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്ര യാനങ്ങളുടെയും ഫ്‌ലോട്ടിങ് ഘടനകളുടെയും നിര്‍മാണത്തില്‍ അതികായരായ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനെയാണ് നിര്‍മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. കോഴിക്കോടിന്റെ ടൂറിസം വികസനത്തില്‍ വലിയ കുതിപ്പിന് ഇത് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.