മതംമാറ്റത്തിന് സര്‍ട്ടിഫിക്കറ്റ്: ഫിറോസിന്റെ വാദം തെറ്റെന്ന് അഡ്വക്കറ്റ് അലിയാരുടെ വെളിപ്പെടുത്തല്‍
സംഭവം ആദ്യമായി വാര്‍ത്തയാക്കിയത് തേജസ് പത്രമാണെന്നും സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്തത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്നും അദ്ദേഹംവെളിപ്പെടുത്തി.
കോഴിക്കോട്: ഇസ്‌ലാമിലേക്ക് മതംമാറിയവര്‍ക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയത് തങ്ങള്‍ കേസ് നടത്തിയതിനെ തുടര്‍ന്നാണെന്ന യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ അവകാശവാദം തെറ്റെന്ന് ഈ വിഷയം തുടക്കം മുതല്‍ പിന്തുടരുന്ന അഡ്വക്കറ്റ് എം എം അലിയാര്‍. സംഭവം ആദ്യമായി വാര്‍ത്തയാക്കിയത് തേജസ് പത്രമാണെന്നും സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്തത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്നും അദ്ദേഹംവെളിപ്പെടുത്തി. ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ യൂത്ത് ലീഗ് നല്‍കിയ കേസിലാണ് കോടതി ഉത്തരവുണ്ടായതെന്നും യൂത്ത് ലീഗ് യുവജന യാത്രയില്‍ നല്‍കിയ ഉറപ്പാണ് ഇതോടെ പാലിക്കപ്പെട്ടതെന്നും അവകാശപ്പെടുന്നു.
ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എന്നാല്‍, കോടതി ഉത്തരവിന്റെ അവസാനത്തില്‍ അഡ്വ. എം എം അലിയാര്‍ മുഖേന തദേവൂസ് കൊടുത്ത കേസിലാണ് ഉത്തരവെന്ന് പറയുന്നുണ്ട്.
1937ല്‍ പാസാക്കിയ മുസ്‌ലിം വ്യക്തിനിയമ(ശരീഅത്ത്) അപേക്ഷാ ചട്ടത്തിലെ മൂന്നാംവകുപ്പു പ്രകാരം മുസ്‌ലിം വ്യക്തിനിയമം തനിക്കു ബാധകമാവണം എന്നാഗ്രഹിക്കുന്ന ഏതൊരാളും ഇതുസംബന്ധിച്ച (മതം മാറിയവര്‍ക്ക് ഉള്‍പ്പെടെ) സത്യവാങ്മൂലം സ്റ്റേറ്റ് നിയോഗിക്കുന്ന അധികാരിയുടെ മുന്നില്‍ നടത്തുന്നതിന് അനുമതി നല്‍കുന്ന വിജ്ഞാപനമാണ് കേരള സര്‍ക്കാര്‍ പുറത്തിറക്കിയത്. നിയമവകുപ്പാണ് ഇതുസംബന്ധിച്ച സത്യവാങ്മൂലം കഴിഞ്ഞ 21നു പുറത്തിറക്കിയത്. ഇതുപ്രകാരം താന്‍ മുസ്‌ലിമാണെന്നും മുസ്‌ലിം വ്യക്തിനിയമം തന്റെ മേല്‍ ബാധകമാക്കണമെന്നുമുള്ള സത്യവാങ്മൂലം ഏതൊരാള്‍ക്കും ബന്ധപ്പെട്ട അധികാരിക്കു നല്‍കാം.
അഡ്വ. എം എം അലിയാര്‍ കേസിനെക്കുറിച്ച് വെളിപ്പെടുത്തിയത്
ഏതെങ്കിലും സംഘടനക്ക് ഈ നിയമത്തിന്റെ പിതൃത്വം കൊടുക്കണമെങ്കില്‍ ഇങ്ങനെ ഒരു കേസിന് സഹായം തരാന്‍ ആദ്യമായി തയ്യാറായി വന്ന തൃശൂര്‍ ആസ്ഥാനമായ നിച്ച് ഓഫ് ട്രൂത്തുകാരാണ് അതിന്റെ അവകാശികള്‍. അവരുടെ ഒരു വീഡിയോ അഭിമുഖ പരിപാടിയിലാണ് ഞാന്‍ ഈ സാധ്യത ആദ്യമായി പറഞ്ഞത്. ഒരു വര്‍ഷം മുമ്പ് ഇത്തരം ഒരു നിയമോപദേശം ഞാന്‍ മറുപടിയായി പറയുന്ന വീഡിയോ യൂ ടൂബില്‍ ലഭ്യമാണ്.
സൈമണ്‍ മാസ്റ്റര്‍ സംഭവത്തെ തുടര്‍ന്ന് അബൂ താലിബിന് മുസ്ലിമായ സര്‍ട്ടിഫിക്കറ്റ് വേണം എന്താണ് മാര്‍ഗം എന്ന് ചോദിച്ച് എന്നെ സമീപിച്ചപ്പോള്‍ ഹൈക്കോടതിയില്‍ ഒരു കേസ് കൊടുക്കാന്‍ ഒപ്പിട്ട് തരാമെങ്കില്‍ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാം എന്ന് പറഞ്ഞ്
2018 ഫെബ്രുവരി 23 നാണ് ഞാന്‍ കേസ് ഫയല്‍ ചെയ്യുന്നത്. 26-2-2018 ന് കേസ് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ വളരെ യാദൃശ്ചികമായി തേജസിന്റെ റിപോര്‍ട്ടര്‍ ആ കോടതിയിലുണ്ടായിരുന്നു. കേസില്‍ കോടതിയുടെ ശക്തമായ നിലപാട് കണ്ട് അദ്ദേഹം എന്നോട് വിവരങ്ങള്‍ അന്വേഷിച്ചു.
പിറ്റേന്ന് തേജസാണ് വളരെ പ്രാധാന്യത്തോടെ ഈ കേസിന്റ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ( 2018 ഫെബ്രുവരി അവസാനം) കേരളത്തിലെ എല്ലാ പത്രങ്ങളും ഈ കേസിന്റെ വിവരം വാര്‍ത്തയാക്കി. പത്രവാര്‍ത്ത കണ്ട് കേസിന് ആവശ്യമായ പണവും വേണമെങ്കില്‍ കക്ഷി ചേരാന്‍ ആളേയും തരാമെന്ന് പറഞ്ഞ് പോപുലര്‍ ഫ്രണ്ടിന്റെ മുതിര്‍ന്ന ഒരു സംസ്ഥാന നേതാവാണ് കേസിനെ തുടര്‍ന്ന് ആദ്യമായി എന്നെ വീട്ടില്‍ വന്ന് കണ്ട് സഹായം വാഗ്ദാനം ചെയ്തത്. പണമോ ആള്‍ സഹായമോ ഇപ്പോള്‍ ആവശ്യമില്ലെന്നും കേസില്‍ പിന്നോട്ടില്ലെന്നും പറഞ്ഞ് സ്‌നേഹപൂര്‍വ്വം ഞാന്‍ സഹായം നിരസിച്ചു. അതിനാല്‍ ഫീസ് വാങ്ങി പിതൃത്വം കൊടുക്കണമെങ്കില്‍ അതിന് ഒന്നാമത് അര്‍ഹര്‍ പോപുലര്‍ ഫ്രണ്ടുകാരാണ്.
കേസില്‍ കോടതി ഒരു മാസമാണ് സര്‍ക്കാരിന് സമയം കൊടുത്തത്. അടുത്ത വിചാരണ ദിവസമായ 2018 മാര്‍ച്ച് 26നും തേജസ് പ്രതിനിധി എന്നേക്കാള്‍ മുമ്പേ കോടതിയില്‍ എത്തിയിരുന്നു. നിയമം നിര്‍മിക്കാന്‍ സര്‍ക്കാര്‍ വീണ്ടും സാവകാശം ചോദിച്ചതിനാല്‍ കേസ് വേനലവധി കഴിഞ്ഞ് പരിഗണിക്കാന്‍ വച്ചു. വേനലവധി കഴിഞ്ഞ് 24-5-2018 ന് കേസ് വീണ്ടും പരിഗണനക്ക് വന്നപ്പോള്‍ സര്‍ക്കാര്‍ ഒരു മാസം കൂടി സാവകാശം ചോദിച്ചു.
26-6-2018 ല്‍ വീണ്ടും കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ മറ്റ് നിവൃത്തിയില്ലാതെ സര്‍ക്കാര്‍ വക്കീല്‍ മൂന്നു മാസത്തിനകം നിയമം നിര്‍മിച്ചു കൊള്ളാമെന്ന് കോടതിയില്‍ സമ്മതിച്ചു. അതനുസരിച്ച് അന്ന് തന്നെ കേസ് വിധിയാക്കി. കേസ് വിധി പിറ്റേന്നത്തെ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു.
തുടര്‍ന്ന് മൂന്ന് മാസത്തെ കാത്തിരിപ്പിന്റെ അവസാനത്തില്‍ 2018 ഒക്ടോബര്‍ ആദ്യത്തിലാണ് നജ്മല്‍ ബാബു മരണം വാര്‍ത്തയാകുന്നതും ഈ കേസിലെ വിധിയും നജ്മല്‍ ബാബു സംഭവവും ചേര്‍ത്ത് നിയമ രംഗത്ത് ചര്‍ച്ചകള്‍ നടന്നതും. അപ്പോള്‍ ഞാന്‍ ഈ കേസില്‍ 3 മാസം കഴിഞ്ഞും നിയമം ഉണ്ടാക്കാത്തതിനാല്‍ ചീഫ് സെക്രട്ടറിക്ക് എതിരില്‍ കോടതിയലക്ഷൃ ഹരജി ഫയല്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഞാന്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്ത അന്ന് തന്നെ അബൂത്വാലിബ് കേസിലെ വിധി പ്രകാരം സര്‍ക്കാര്‍ നിയമം ഉണ്ടാക്കാത്തതിന്റെ ഇരയാണ് നജ്മല്‍ ബാബു സംഭവം എന്നും ഉടന്‍ ആ വിധി നടപ്പാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും പറഞ്ഞ് ഫിറോസിന് വേണ്ടി ഒരു ഹരജി ബോധിപ്പിക്കപ്പെട്ടു.
സിംഗിള്‍ ബെഞ്ചിന്റെ മുമ്പാകെ വന്ന ഫിറോസിന്റെ ആ ഹരജിയില്‍ നിലവില്‍ ആ വിഷയത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ കോടതിയലക്ഷ്യ ഹരജി പെന്‍ഡിങിലാണ് എന്ന സര്‍ക്കാര്‍ വക്കീലിന്റെ സബ്മിഷന്‍ പ്രകാരം ആ ഹരജി ഒന്നര മാസം കഴിഞ്ഞ് ഞാന്‍ കൊടുത്ത കോടതിയലക്ഷ്യ ഹരജിയോടൊപ്പം പരിഗണിക്കാന്‍ വിട്ടു.
കോടതി അലക്ഷ്യ ഹര്‍ജി ക്രിസ്തുമസ് അവധി കഴിഞ്ഞ് ചീഫ് ജസ്റ്റിസിന്റെ കോടതി പരിഗണിക്കാനിരിക്കെ സര്‍ക്കാര്‍ നിയമം ഉണ്ടാക്കി ഉത്തരവിറങ്ങി. എനിക്ക് ഫീസും വേണ്ട പിതൃത്വവും വേണ്ട. ആരെങ്കിലും പിതൃത്വം അവകാശപ്പെടുന്നെങ്കില്‍ അതില്‍ പരാതിയുമില്ല.