വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദിയെ വെട്ടി രണ്ടു സംസ്ഥാനങ്ങള്‍
രണ്ട് ദിവസം മുന്‍പ് തന്നെ ഛത്തിസ്ഗഡ് മോദിയുടെ ചിത്രം സര്‍ട്ടിഫിക്കറ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അതേ പാത പിന്തുടര്‍ന്ന് ജാര്‍ഖണ്ഡും മുന്നോട്ട് വന്നത്.
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി പകരം മുഖ്യമന്ത്രിമാരുടെ ചിത്രം വച്ച് ജാര്‍ഖണ്ഡും ഛത്തീസ്ഗഡും. രണ്ട് ദിവസം മുന്‍പ് തന്നെ ഛത്തിസ്ഗഡ് മോദിയുടെ ചിത്രം സര്‍ട്ടിഫിക്കറ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അതേ പാത പിന്തുടര്‍ന്ന് ജാര്‍ഖണ്ഡും മുന്നോട്ട് വന്നത്. സംസ്ഥാനം പണം നല്‍കി വാക്‌സിന്‍ വാങ്ങുന്നത് കൊണ്ട് അതാത് മുഖ്യമന്ത്രിമാരുട ചിത്രം സര്‍ട്ടിഫിക്കറ്റില്‍ വയ്ക്കാനാണ് ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന ഈ സംസ്ഥാനങ്ങളുടെ തീരുമാനം.
'ഇതിലിപ്പോള്‍ വലിയ പ്രശ്‌നമൊന്നുമില്ല. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കി വാങ്ങി നല്‍കുന്ന വാക്‌സിനില്‍ പ്രധാനമന്ത്രിയുടെ ചിത്രം വയ്‌ച്ചോട്ടെ. ഇപ്പോള്‍ സംസ്ഥാനം പണം കൊടുത്ത് വാക്‌സിന്‍ വാങ്ങിക്കുമ്പോള്‍ അതില്‍ മുഖ്യമന്ത്രിയുടെ ചിത്രം വയ്ക്കും. വാക്‌സിന്‍ വാങ്ങിക്കേണ്ട വലിയ സാമ്പത്തിക ബാധ്യത കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ വയ്ക്കുമ്പോള്‍ അതില്‍ മുഖ്യമന്ത്രിമാരുടെ ചിത്രം എന്തുകൊണ്ട് വയ്ച്ചുകൂടാ എന്നാണ് ഛത്തിസ്ഗഡ് ആരോഗ്യമന്ത്രി ടി എസ് സിങ് ഡിയോ ചോദിക്കുന്നത്. എന്തിന് അതില്‍ മോദിയുടെ ചിത്രം വയ്ക്കണമെന്നും പകരം സംസ്ഥാനങ്ങള്‍ക്ക് അവരുടെ മുഖ്യമന്ത്രിയുടെ പടം വയ്ക്കാന്‍ അവകാശമുണ്ടന്നും അദ്ദേഹം പറഞ്ഞു.