ടിപ്പറിന്റെ പിന്‍ഭാഗം താഴ്ത്താതെ ഓടിച്ചു; കുതിരാന്‍ തുരങ്കത്തില്‍ വീണ്ടും ലൈറ്റുകള്‍ തകര്‍ന്നു
മണ്ണുത്തി -വടക്കാഞ്ചേരി ആറുവരി പാതയില്‍ കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിലാണ് ടിപ്പറിന്റെ ബക്കറ്റ് തട്ടി കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചത്.
തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തില്‍ വീണ്ടും ടിപ്പറിന്റെ ബക്കറ്റ് തട്ടി ലൈറ്റുകള്‍ക്ക് തകരാറിലായി. മണ്ണുത്തി -വടക്കാഞ്ചേരി ആറുവരി പാതയില്‍ കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിലാണ് ടിപ്പറിന്റെ ബക്കറ്റ് തട്ടി കേബിളുകള്‍ക്ക് തകരാര്‍ സംഭവിച്ചത്.
നിര്‍മ്മാണ കമ്പനിയുടെ ടിപ്പറിന്റെ പിന്‍ഭാഗം താഴ്ത്താതെ പോയതിനെ തുടര്‍ന്നാണ് തുരങ്കത്തിന്റെ അകത്തെ ബള്‍ബുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുള്ള കേബിളുകള്‍ക്കും തകരാര്‍ സംഭവിച്ചത്. അപകടം ഉണ്ടായ ഉടന്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. കുതിരാന്‍ തുരങ്കത്തില്‍ ജനുവരിയിലും സമാനമായ രീതിയില്‍ അപകടം ഉണ്ടായിരുന്നു.
കുതിരാന്‍ തുരങ്കത്തില്‍ ടിപ്പര്‍ ലോറിയിടിച്ച് നശിച്ച സിസിടിവി കാമറകളും ലൈറ്റുകളും ഒരു മാസം കഴിഞ്ഞിട്ടും പുനസ്ഥാപിച്ചില്ല. തുരങ്കത്തിന്റെ പ്രവേശകവാടത്തിനോട് ചേര്‍ന്നുളള ഭാഗത്ത് കാമറകളില്ലാത്തത് വലിയ സുരക്ഷാഭീഷണിയാണെന്നാണ് വിലയിരുത്തല്‍. ജനുവരി 20നാണ് പാലക്കാട് നിന്നും തൃശൂരിലേക്കുളള തുരങ്ക മുഖത്ത് അപകടം ഉണ്ടായത്. പിന്‍ഭാഗം ഉയര്‍ത്തിവച്ച് അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി ലൈറ്റുകളും കാമറയും തകര്‍ക്കുകയായിരുന്നു.