മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപ്പിടിത്തം; പത്ത് കൊവിഡ് രോഗികള്‍ വെന്തുമരിച്ചു

Update: 2021-11-06 08:56 GMT

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ പത്ത് കൊവിഡ് രോഗികള്‍ വെന്തുമരിച്ചു. അഹമ്മദ്‌നഗര്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപ്പിടിത്തമുണ്ടായത്. പത്ത് പേരെ പൊള്ളലുകളോടെ രക്ഷപ്പെടുത്തി. 10 പേര്‍ മരിച്ചതായി ജില്ലാ കലക്ടര്‍ രാജേന്ദ്ര ഭോസാലെയാണ് സ്ഥിരീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റ 25 രോഗികളെ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 802 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2020 മെയ് മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ഏറ്റവും കുറഞ്ഞ കൊവിഡ് കേസാണിത്. 886 പേരുടെ രോഗം ഭേദമായി.

ആശുപത്രിയില്‍ അഗ്‌നിശമന സുരക്ഷാ പരിശോധന നടത്തിയിരുന്നോ ഇല്ലയോ എന്ന് അന്വേഷിക്കും. സുരക്ഷാ പരിശോധന നടത്തിയെങ്കില്‍ പിന്നെ എങ്ങനെയാണ് തീപ്പിടുത്തമുണ്ടായതെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു. ഫയര്‍ ഓഡിറ്റ് നടത്തിയില്ലെങ്കില്‍ ആരാണ് ഉത്തരവാദി? ഇതെല്ലാം അന്വേഷിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി.

Tags:    

Similar News