എയിംസ് കിനാലൂരില്‍ തന്നെ സ്ഥാപിക്കണം: എസ്ഡിപിഐ

Update: 2024-06-15 17:58 GMT

കോഴിക്കോട് : നിര്‍ദിഷ്ട ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ തന്നെ സ്ഥാപിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേരളത്തില്‍ ആരോഗ്യ രംഗത്ത് പിന്നാക്കം നില്‍ക്കുന്ന മേഖല മലബാര്‍ ആണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആണ് മലബാറിലെ ജനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന ആശുപത്രി. രോഗികളെ കൊണ്ട് വീര്‍പ്പ്മുട്ടുന്ന സാഹചര്യം ആണ് ഇവിടെ ഉള്ളത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും എയിംസ് ഒരു പ്രതീക്ഷയാകും.

മലബാറിന്റെ ആരോഗ്യ തലസ്ഥാനമായി നിര്‍ദിഷ്ട എംയിസ് മാറുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും ജനപ്രതിനിധികളും. നിലവില്‍ കേരളത്തിലും കര്‍ണാടകയിലും മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ എയിംസ് അനുവദിക്കാത്തത്. 10 വര്‍ഷം മുമ്പാണ് കേന്ദ്രം കേരളത്തിന് എയിംസ് വാഗ്ദാനം ചെയ്തത്. ഇതിന്റെ ഭാഗമായി 150 ഏക്കര്‍ സ്ഥലം ബാലുശ്ശേരിയിലെ കിനാലൂരില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കി. 100 ഏക്കര്‍ സ്വകാര്യ ഭൂമി കൂടി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേന്ദ്ര സംഘത്തിന്റെ ആദ്യ സന്ദര്‍ശനത്തില്‍ തൃപ്തികരമായ നിലപാടാണ് സ്വീകരിച്ചത്.

എന്നാല്‍ സുരേഷ് ഗോപിയുടെ നിരന്തരമായ പ്രസ്താവനകള്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഭരണമേഖലയിലും നിയമ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും അവഗണന നേരിടുന്ന കോഴിക്കോടിന് പ്രതീക്ഷ നല്‍കുന്നതാണ് ആരോഗ്യ മേഖലയില്‍ എയിംസ് ലഭ്യമാക്കുക എന്നുള്ളത്. സെക്രട്ടറിയേറ്റ് അനക്‌സും ഹൈക്കോടതി ബെഞ്ചും അനുവദിക്കണമെന്നതും ജനങ്ങളുടെ നിരന്തരമായ ആവശ്യമാണ്. മലബാറിന്റെ സമഗ്ര വികസനത്തിന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നില്‍ക്കണമെന്നും എയിംസ് കിനാലൂരില്‍ തന്നെ സ്ഥാപിക്കുന്നതിന് ശക്തമായ ഇടപെടല്‍ നടത്തണമെന്നും സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെ ജലീല്‍ സഖാഫി,വാഹിദ് ചെറുവറ്റ, ജനറല്‍ സെക്രട്ടറിമാരായ എന്‍ കെ റഷീദ് ഉമരി, എ പി നാസര്‍, സെക്രട്ടറിമാരായ പി ടി അഹമ്മദ്,കെ ഷെമീര്‍, ട്രഷറര്‍ ടി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ അബ്ദുല്‍ കയ്യും, കെ കെ നാസര്‍ മാസ്റ്റര്‍, ഷറഫുദ്ദീന്‍ വടകര എന്നിവര്‍ സംസാരിച്ചു.









Tags:    

Similar News