വഖ്ഫ് നിയമ ഭേദഗതിക്കെതിരെ ജന്തര്‍മന്തറില്‍ പ്രതിഷേധം; കലാപത്തിന് ശ്രമമെന്ന് ബിജെപി(വീഡിയോ live)

Update: 2025-03-17 06:31 GMT

ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധം സംഘടിപ്പിച്ച് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ്. പുതിയ നിയമഭേദഗതി മുസ്‌ലിംകള്‍ക്കെതിരായ നേരിട്ടുള്ള ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്. വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുമെന്ന ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് എഐഎംപിഎല്‍ബി ജനറല്‍ സെക്രട്ടറി ഫസലുര്‍ റഹീം മുജാദിദി പറഞ്ഞു. '' ഈ സാഹചര്യത്തില്‍ പ്രതിഷേധിക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളില്ല. നിയമഭേദഗതി അടിച്ചേല്‍പ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പള്ളികളുടെയും ഖബറിസ്ഥാനുകളുടെയും പേരില്‍ തെരുവുകളില്‍ സംഘര്‍ഷമുണ്ടാവണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. നിരപരാധികളായ ഹിന്ദു സഹോദരങ്ങളെയും സര്‍ക്കാര്‍ തെറ്റിധരിപ്പിച്ചിരിക്കുന്നു.''-ഫസലുര്‍ റഹീം മുജാദിദി പറഞ്ഞു.

LIVE

സമരത്തിനെത്തിയ എല്ലാവരെയും അഭിനന്ദിക്കുകയാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. '' ഈ സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നത്. എല്ലാ വിഭാഗങ്ങള്‍ക്കും നിലപാട് അറിയിക്കാന്‍ അവസരം നല്‍കിയെന്നും അതിനാല്‍ സമരം അനാവശ്യമാണെന്നുമാണ് ജെപിസി ചെയര്‍മാന്‍ ജഗദാംബിക പാല്‍ പറയുന്നത്. ഇത്തരം പ്രസ്താവനകളിലൂടെ അദ്ദേഹം അനാവശ്യമായി എല്ലാവരെയും പ്രകോപിപ്പിക്കുകയാണ്... സര്‍ക്കാര്‍ വഖ്ഫ് സ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണ്. മുസ് ലിം ലീഗിന്റെ പേരില്‍ പാര്‍ലമെന്റിനകത്തും പുറത്തും പോരാടുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഇതൊരു ക്രൂരമായ നിയമമാണ്.''- ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

നിയമം രൂപീകരിക്കാനുള്ള പാര്‍ലമെന്റിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നതാണ് പ്രതിഷേധമെന്ന് ബിജെപി നേതാവ് കൂടിയായ ജഗദാംബിക പാല്‍ ആരോപിച്ചു. '' ഞങ്ങള്‍ നല്ല ഒരു നിയമം രൂപീകരിക്കുകയാണ്. മുസ് ലിംകളിലെ ദരിദ്രര്‍, സ്ത്രീകള്‍, വിധവകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ഗുണമുള്ള നിയമമാണ് വരാന്‍ പോവുന്നത്.''-ജഗദാംബിക പാല്‍ അവകാശപ്പെട്ടു. രാജ്യത്ത് കലാപം ഉണ്ടാക്കാന്‍ വഖ്ഫിനെ ഉപയോഗിക്കുകയാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല ആരോപിച്ചു. ''വഖ്ഫിന്റെ പേരില്‍ മുസ്‌ലിംകളെ പ്രകോപിപ്പിക്കാനാണ് മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് ശ്രമിക്കുന്നത്. രാജ്യത്ത് കലാപമുണ്ടാക്കുക, തീയിടുക, വോട്ട് ബാങ്ക് ഉറപ്പിക്കുക എന്നിവയാണ് ലക്ഷ്യം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, എഐഎംഐഎം എന്നീ രാഷ്ട്രീയ യജമാനന്‍മാരും ഇതാണ് ആഗ്രഹിക്കുന്നത്.''-ഷെഹ്‌സാദ് പൂനെവാല ആരോപിച്ചു. മുസ്‌ലിം വ്യക്തിനിയമബോര്‍ഡ് രാഷ്ട്രീയക്കാരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ മുസ്‌ലിം ജമാഅത്ത് എന്ന സംഘടനയുടെ നേതാവ് ഷഹാബുദ്ദീന്‍ റസ്‌വി ആരോപിച്ചു. ബിജെപി അനുകൂല നിലപാടുള്ളയാണ് റസ്‌വി.

Similar News