100ഓളം പെണ്‍കുട്ടികളെ പീഡിപ്പിച്ച അജ്മീര്‍ കേസ്: 32 വര്‍ഷത്തിന് ശേഷം ആറു പ്രതികള്‍ക്ക് ജീവപര്യന്തം
അജ്മീര്‍: കോളിളക്കമുണ്ടാക്കിയ അജ്മീര്‍ ബ്ലാക്ക് മെയില്‍ ബലാല്‍സംഗക്കേസില്‍ 32 വര്‍ഷത്തിന് ശേഷം ആറു പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചു. നൂറോളം വിദ്യാര്‍ഥിനികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസിലാണ് ആറുപേര്‍ക്ക് പോക്‌സോ കോടതി ജീവപര്യന്തം തടവും അഞ്ചുലക്ഷം വീതം പിഴയും വിധിച്ചത്. നഫീസ് ചിസ്തി, നസീം എന്ന ടാര്‍സന്‍, സലിം ചിഷ്തി, ഇഖ്ബാല്‍ ഭാട്ടി, സൊഹൈല്‍ ഗനി, സയ്യിദ് സമീര്‍ ഹുസയ്ന്‍ എന്നിവരെയാണ് ചൊവ്വാഴ്ച ശിക്ഷിച്ചത്. നൂറോളം പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ അജ്മീര്‍ ദര്‍ഗയിലെ ഉന്നതര്‍ക്കും ബന്ധമുള്ളതായി ആരോപണമുയര്‍ന്നിരുന്നു. ആകെയുള്ള 18 പ്രതികളില്‍ ഒമ്പത് പേര്‍ക്ക് നേരത്തേ ശിക്ഷ വിധിച്ചിരുന്നു. നാലുപേരെ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. 2023ല്‍ പുറത്തിറങ്ങിയ അജ്മീര്‍ 92 എന്ന ഹിന്ദി സിനിമ 1992ലെ അജ്മീര്‍ ലൈംഗികാരോപണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
എന്താണ് അജ്മീര്‍ കൂട്ടബലാല്‍സംഗക്കേസ്
1992 ഏപ്രിലില്‍ ദൈനിക് നവജ്യോതി എന്ന പ്രാദേശിക പത്രത്തില്‍ വന്ന ഒരു റിപോര്‍ട്ടാണ് രാജ്യത്തെ ഞെട്ടിച്ച ബലാല്‍സംഗക്കേസിലേക്ക് വെളിച്ചംവീളിയത്. മാധ്യപ്രവര്‍ത്തകന്‍ സന്തോഷ് ഗുപ്തയാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 100ഓളം പെണ്‍കുട്ടികളെ ചൂഷണം ചെയ്‌തെന്നായിരുന്നു റിപോര്‍ട്ടില്‍ പറഞ്ഞത്. ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തി വീണ്ടും ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ചു. മറ്റു സ്ത്രീകളെ വലയിലാക്കാന്‍ പെണ്‍കുട്ടികളെ തന്നെ ഉപയോഗിച്ചു എന്നുമായിരുന്നു കണ്ടെത്തല്‍. ലൈംഗികമായി ചൂഷണം ചെയ്യാന്‍ ഉപയോഗിച്ച ഫോട്ടോകള്‍ ഒരു ഫോട്ടോ ലാബ് മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് ഗുപ്തയ്ക്ക് ചോര്‍ത്തി നല്‍കിയതോടെയാണ് പുറത്തുവന്നത്. ഏകദേശം 250ഓളം പേര്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായെന്നാണ് അക്കാലത്തെ ചര്‍ച്ചകള്‍. വലിയ നേതാക്കളുടെ മകള്‍ വരെ ബ്ലാക്ക് മെയിലിങ്ങിന് ഇരയായതായി റിപോര്‍ട്ടുണ്ടായിരുന്നു. 17 മുതല്‍ 20 വയസ്സുവരെയുള്ള 100ലധികം പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ട റാക്കറ്റിനെക്കുറിച്ച് പുറത്തറിഞ്ഞതോടെ വന്‍ കോളിളക്കമുണ്ടായി. ഈ പെണ്‍കുട്ടികളെല്ലാം അജ്മീറിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ളവരായിരുന്നു. രാഷ്ട്രീയമായും സാമ്പത്തികമായും പ്രാദേശിക സ്വാധീനമുള്ള ആളുകള്‍ അവരെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. എല്ലാ തെളിവുകളും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നു. കുടുംബാംഗങ്ങള്‍ സമ്മര്‍ദ്ദം കാരണം നഗരം വിട്ടു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതോടെ അന്നത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭൈറോണ്‍ സിംഗ് ഷെഖാവത്ത് പ്രതികളെ വെറുതെ വിടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി. എന്നാല്‍ മുഖ്യമന്ത്രിയുടെ ഉത്തരവ് പോലും പാലിക്കപ്പെട്ടില്ല.
ദിവസങ്ങള്‍ക്ക് ശേഷം സന്തോഷ് ഗുപ്ത മറ്റൊരു റിപോര്‍ട്ടുമായി രംഗത്തെത്തി. 'പെണ്‍കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നവര്‍ എങ്ങനെ സ്വതന്ത്രരായി' എന്ന തലക്കെട്ടിലുള്ള റിപോര്‍ട്ടില്‍ പെണ്‍കുട്ടികളുടെ മങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് നല്‍കിയത്. 'സിഐഡി അഞ്ച് മാസം മുമ്പ് വിവരം നല്‍കിയിരുന്നുവെന്നായിരുന്നു മൂന്നാമത്തെ റിപോര്‍ട്ടിന്റെ തലക്കെട്ട്. ഒന്നര മാസം മുമ്പ് അശ്ലീല ഫോട്ടോകള്‍ താന്‍ കണ്ടിരുന്നതായും ഒരാള്‍ വെളിപ്പെടുത്തിയിരുന്നു.
അജ്മീര്‍ ദര്‍ഗയുമായി ബന്ധമുള്ള ഉന്നതരും പ്രതിപ്പട്ടികയില്‍
പ്രസിദ്ധമായ അജ്മീര്‍ ദര്‍ഗയില്‍ ജോലി ചെയ്യുന്നവരും സൂഫിവര്യനായ ഖ്വാജാ മൊയ്‌നുദ്ദീന്‍ ചിഷ്തിയുടെ പിന്‍ഗാമികളായി പ്രമുഖ സ്ഥാനങ്ങളുള്ളവരുമായ ഖാദിമുകളുടെ കുടുംബത്തിലെ ചിലര്‍ ഉള്‍പ്പെടെ 18 പേരാണ് അന്വേഷണത്തിനൊടുവില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത് ഫാറൂഖ് ചിഷ്തിയും നഫീസ് ചിഷ്തിയും ആയിരുന്നു. അധികാരവും സമ്പത്തും ഉള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു അവര്‍. കോളജിലേക്കും സ്‌കൂളിലേക്കും പോകുന്ന പെണ്‍കുട്ടികളെ അവര്‍ വധിക്കുകയും ഇരയാക്കുകയും ചെയ്യും. അജ്മീറിലെ സോഫിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പെണ്‍കുട്ടിയെയാണ് ഫാറൂഖ് ആദ്യം കുടുക്കിയതെന്നും അവളുടെ ചിത്രം സഹിതം ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. പിന്നീട് മാനസികാസ്വാസ്ഥ്യമാണെന്നു പറഞ്ഞ് കേസ് ഒതുക്കും. പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് സിഐഡി അന്വേഷണം പ്രഖ്യാപിച്ചത്. കേസിന്റെ ഭീകരമായ വിവരങ്ങള്‍ പുറത്തുവന്നതോടെ നഗരം നിശ്ചലമായി. പ്രതിഷേധത്തെ തുടര്‍ന്ന് നഗരം രണ്ട് ദിവസത്തേക്ക് അടച്ചിടേണ്ടി വന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍, അഭിഭാഷകരുടെ ഒരു പ്രതിനിധി സംഘം അന്നത്തെ ജില്ലാ കലക്ടര്‍ അദിതി മേത്തയെയും അന്നത്തെ പോലിസ് സൂപ്രണ്ട് എംഎന്‍ ധവാനെയും കാണുകയും പ്രതികളെ കര്‍ശനമായ ദേശീയ സുരക്ഷാ നിയമപ്രകാരം ജയിലിലടയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഒടുവില്‍ 1992ല്‍ അന്നത്തെ മുഖ്യമന്ത്രി ഭൈറോണ്‍ സിങ് ഷെഖാവത്ത് കേസ് സിഐഡിക്ക് കൈമാറി.
ഇതിനിടെ, ഹിന്ദു പെണ്‍കുട്ടികളെ മുസ് ലിം യുവാക്കള്‍ പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് വിശ്വഹിന്ദു പരിഷത്ത് നേതാവായ അഡ്വ. വീര്‍ കുമാറും സംഘപരിവാരവും വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനും ശ്രമം നടത്തിയിരുന്നു.
ഇരകളായ നിരവധി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു
അന്നത്തെ ഡെപ്യൂട്ടി സൂപ്രണ്ട് ഹരിപ്രസാദ് ശര്‍മയുടെ കീഴിലുള്ള അജ്മീര്‍ ജില്ലാ പോലിസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥിനികളെ എങ്ങനെയെങ്കിലും കുടുക്കി, അശ്ലീല ഫോട്ടോകള്‍ എടുത്തു. അതിനുശേഷം, അവരെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തു. മറ്റുള്ളവരെ വലയില്‍ കൊണ്ടുവരാന്‍ സംഘം പെണ്‍കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കിയതായും എഫ് ഐആറില്‍ പറയുന്നുണ്ട്. നാല് പെണ്‍കുട്ടികളുടെ അശ്ലീല ഫോട്ടോകള്‍ സഹിതമാണ് എഫ് ഐആര്‍ തയ്യാറാക്കിയിരുന്നത്.
ബ്ലാക്ക്‌മെയിലിങിനെ തുടര്‍ന്നുണ്ടായ പീഡനം കാരണം ആറോളം പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രതികളിലൊരാളായ ബാബ് ലി എന്ന പുരുഷോത്തമന്‍ 1994ല്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ ആത്മഹത്യ ചെയ്തു. മറ്റൊരു പ്രതിയായ അല്‍മാസ് മഹാരാജ് ഇപ്പോഴും ഒളിവിലാണ്. ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കുറ്റത്തിന് ഒരാളെ വേറെ വിചാരണ ചെയ്തു. ബാക്കിയുള്ള ആറ് പ്രതികളുടെ ശിക്ഷയാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. 2001 ജൂണ്‍ 23നാണ് ആറ് പ്രതികള്‍ക്കെതിരെ ഒരു കുറ്റപത്രം സമര്‍പ്പിച്ചത്. ജൂലൈയില്‍ കേസിന്റെ വാദം പൂര്‍ത്തിയായി. ശിക്ഷ പ്രഖ്യാപിക്കുന്ന സമയത്ത് ഈ ആറ് പ്രതികളും കോടതിയില്‍ ഹാജരായിരുന്നു.