മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ടെന്ന് ആന്റണി; ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെ പോലെ കുരച്ചുകൊണ്ടേയിരിക്കുമെന്ന് അനില്‍ ആന്റണി
തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിയായ മകന്‍ അനില്‍ ആന്റണിക്കെതിരേ രംഗത്തെത്തിയ എ കെ ആന്റണിക്കെതിരേ അധിക്ഷേപവുമായി അനില്‍ ആന്റണി. കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റെന്നും അവിടെ കോണ്‍ഗ്രസ് ജയിക്കണമെന്നും മുതിര്‍ന്ന നേതാവ് എ കെ ആന്റണി പറഞ്ഞു. മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട. ആ ഭാഷ ഞാന്‍ ശീലിച്ചിട്ടില്ല. മറ്റു മക്കളെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. അവിടെ തോല്‍ക്കണം. ആന്റോ ആന്റണി ജയിക്കണം'-മകന്‍ അനില്‍ ആന്റണിയുടെ പേരെടുത്ത് പറയാതെ എ.കെ. ആന്റണി പറഞ്ഞു. എന്റെ മതം കോണ്‍ഗ്രസാണ്. കെഎസ്‌യുവില്‍ ചേര്‍ന്ന കാലം മുതല്‍ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്ന് നിലപാടെടുത്തയാളാണ് ഞാന്‍. ഞാന്‍ പ്രചാരണത്തിന് പോവാതെ തന്നെ ആന്റോ ആന്റണി നല്ല ഭൂരിപക്ഷത്തിന് ജയിക്കുമെന്നും എ കെ ആന്റണി പറഞ്ഞു. ഭരണഘടന ഉണ്ടാക്കിയത് കോണ്‍ഗ്രസും അംബേദ്കറും ചേര്‍ന്നാണ്. അതില്‍ ഒരവകാശവാദവും ബിജെപിക്കോ മറ്റാര്‍ക്കുമോ വേണ്ട. ആ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാലഹരണപ്പെട്ട കുറേ നേതാക്കളും കാലഹരണപ്പെട്ട കുറേ ചിന്താഗതിയുമുള്ള ആള്‍ക്കാരാണ് ഇന്ന് കോണ്‍ഗ്രസിലുള്ളതെന്നും ഏതൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും കാണുമ്പോള്‍ എനിക്ക് സഹതാപവും ദു:ഖവുമാണ് തോന്നുന്നതെന്നും അനില്‍ ആന്റണി പറഞ്ഞു. എ കെ ആന്റണിയെ കാണുമ്പോഴും എനിക്ക് വളരെ സഹതാപമാണ് തോന്നുന്നത്. എനിക്ക് വളരെ ബഹുമാനമുള്ള വ്യക്തിയാണ് എ കെ ആന്റണി. 84 വയസ്സായി. പക്ഷേ, ഇന്നും രാഷ്ട്രവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗാന്ധി കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. പഴയ പ്രതിരോധ മന്ത്രിയായ അദ്ദേഹം ഇന്ത്യന്‍ സൈന്യത്തെയും സൈനികരെയും അവഹേളിച്ച, പാകിസ്താന്റെ തീവ്രവാദ ശ്രമങ്ങളെ വെള്ളപൂശാന്‍ ശ്രമിച്ച രാജ്യവിരുദ്ധനായ, ചതിയനായ ഒരു എംപിക്ക് വേണ്ടി സംസാരിച്ച് കാണുമ്പോള്‍ എനിക്ക് വിഷമമാണ് തോന്നിയത്. രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ ജനം മൂന്നാം തവണയും ചവറ്റുകൊട്ടയിലേക്കെറിയും. നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രിയാവും. ഇതെല്ലാം കണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കാലഹരണപ്പെട്ടവരും രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും കുടുംബത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവരും ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെ പോലെ കുരച്ചുകൊണ്ടേയിരിക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസല്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് വെറുമൊരു കുടുംബത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു രാജ്യവിരുദ്ധ പാര്‍ട്ടിയാണ്. അതിനെ രാഹുല്‍ ഗാന്ധി വളര്‍ത്തി വളര്‍ത്തി പാതാളത്തിലെത്തിച്ചു. 15 വര്‍ഷമായി പത്തനംതിട്ട മണ്ഡലത്തില്‍ ഒരു വികസനവും നടന്നിട്ടില്ല. ആന്റോ ആന്റണി ചില തീവ്ര ചിന്താഗതിയുള്ള മുസ്‌ലിം വോട്ടുകള്‍ക്ക് വേണ്ടി മാത്രം ഇന്ത്യയെ തള്ളിപ്പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തെ അപമാനിച്ചു. പാകിസ്താന്റെ തീവ്രവാദ ശ്രമങ്ങളെ വെള്ളപൂശി. ഇതുപോലുള്ള രാജ്യവിരുദ്ധ നയങ്ങള്‍ പിന്നെയും പിന്നെയും എടുക്കുന്നതിനാലാണ് ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍നിന്ന് കോണ്‍ഗ്രസിനെ ഇന്ത്യന്‍ ജനത ചവറ്റുകൊട്ടയിലേക്കെറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.