'അനിലിന്റെ തീരുമാനം വേദനയുണ്ടാക്കി, അവസാന ശ്വാസം വരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കും': എകെ ആന്റണി
കൊച്ചി: മകന്‍ അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ച വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. അനില്‍ എടുത്ത തീരുമാനം തെറ്റാണെന്നും ഏറെ വേദനയുണ്ടാക്കിയെന്നും ആന്റണി പറഞ്ഞു. തികച്ചും തെറ്റായ തീരുമാനമായിപ്പോയി. രാജ്യത്തിന്റെ ഐക്യവും മതേതരത്വവും കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായിരിക്കും. ഞാന്‍ ജീവിതത്തിലെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. വയസ്സ് 82 ആയി. ഇനിയെത്ര കാലം ഉണ്ടാവുമെന്ന് പറയാനാവില്ല. ദീര്‍ഘായുസ്സ് വേണമെന്ന് താല്‍പര്യവുമില്ല. മരിക്കുന്നത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടായിരിക്കും. ബിജെപി അധികാരത്തിലെത്തിയ ശേഷം രാജ്യം നാനാത്വത്തില്‍ ഏകത്വത്തിനു പകരം ഏകത്വത്തിലേക്ക് നീങ്ങുകയാണ്. എല്ലാതലത്തിലും ഏകത്വം അടിച്ചേല്‍പ്പിക്കാനുള്ള തുടര്‍ച്ചയായ നീക്കമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ ഐക്യമാണ് തകരുന്നത്. ഇത് അപകടരമായ നിലപാടാണ്. അവസാന ശ്വാസം വരെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും തെറ്റായ നിലപാടുകള്‍ക്കെതിരേ പ്രവര്‍ത്തിക്കുമെന്നതില്‍ സംശയമില്ല. സ്വാതന്ത്ര്യം മുതല്‍ എല്ലാവരെയും ഒരുപോലെ കണ്ട കുടുംബമാണ് നെഹ്‌റു കുടുംബം. ഇന്നും വേട്ടയാടലുകള്‍ക്കിടയിലും ധീരമായി പോരാടുന്ന കുടുംബമാണിത്. ആ കുടുംബത്തോട് മുമ്പത്തേക്കാള്‍ ആദരവും ബഹുമാനം കൂടുകയാണ്. അനിലിന്റെ വിഷയത്തില്‍ ഇനി ഒരിക്കലും പ്രതികരിക്കില്ല. ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണിതെന്നും ആന്റ്ണി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും നില്‍ക്കാതെ വികാരാധാനീനനായാണ് എ കെ ആന്റണി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.