എകെജി സെന്റര്‍ ആക്രമിച്ച സംഭവം: 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാതെ പോലിസ്

അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണര്‍ ഡി കെ ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തെ നിയോഗിച്ചു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെ നേരിട്ടു മേല്‍നോട്ടം വഹിക്കും.

Update: 2022-07-02 01:16 GMT

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണര്‍ ഡി കെ ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തെ നിയോഗിച്ചു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെ നേരിട്ടു മേല്‍നോട്ടം വഹിക്കും.

പ്രധാന റോഡില്‍നിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റര്‍ ഗേറ്റിന്റെ കോണ്‍ക്രീറ്റ് തൂണിന്മേലാണു സ്‌ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്.

ഈ ഗേറ്റില്‍ വച്ചിരുന്നതും പ്രതി സ്‌കൂട്ടറില്‍ തിരികെ പോയ വഴിയില്‍ നിന്നുള്ളതുമായ 30 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും വ്യക്തമല്ല. അടുത്ത ജങ്ഷനില്‍നിന്നു ഗവ.ലോ കോളജിലേക്കു പോകുന്ന റോഡിലെ കാമറയിലും പ്രതി കടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്.

സ്ഥലത്തെക്കുറിച്ചു കൃത്യമായ അറിവുള്ളയാളാണ് അക്രമത്തിനു പിന്നിലെന്നാണ് പോലിസ് നിഗമനം. പ്രതി നഗരത്തില്‍ തന്നെയുണ്ടെന്നാണു സൂചന. ലഭ്യമായ സിസിടിവി ദൃശ്യം അനുസരിച്ച്, പ്രതി ആദ്യം ബൈക്കില്‍ സ്ഥലം നിരീക്ഷിച്ചു മടങ്ങിപ്പോകുന്നതു കാണാം. പിന്നീടു തിരിച്ചുവന്നാണു ആക്രമണം നടത്തിയത്. സ്‌ഫോടക വസ്തു എറിഞ്ഞ രീതി നോക്കുമ്പോള്‍ ഇത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചയാളാണെന്ന സംശയവും പോലിസ് ഉയര്‍ത്തുന്നുണ്ട്.

Tags:    

Similar News