അക്കിത്തവും ആര്‍എസ്എസും; ചില മറു വായനാ വിവാദങ്ങള്‍..

അക്കിത്തത്തെക്കുറിച്ചുള്ള മറുവായനാ വിവാദങ്ങളില്‍ അദ്ദേഹത്തിന്റെ കാവ്യ സംഭാവനകള്‍ക്കൊപ്പം ഹിന്ദുത്വ പരിസരവും ചര്‍ച്ചയാവുന്നത് ചില സാമൂഹിക സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുന്നുമുണ്ട്.

Update: 2020-10-15 12:27 GMT

പി സി അബ്ദുല്ല

കോഴിക്കോട്: ചരമോപചാരങ്ങളില്‍ ഇതിഹാസ കവിയായി വാഴ്ത്തപ്പെടുമ്പോള്‍ തന്നെ ഇന്ന് അന്തരിച്ച അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ സംഘ പരിവാര്‍ ബന്ധവും വ്യാപകമായി ചര്‍ച്ചയാവുന്നു. അക്കിത്തത്തെക്കുറിച്ചുള്ള മറുവായനാ വിവാദങ്ങളില്‍ അദ്ദേഹത്തിന്റെ കാവ്യ സംഭാവനകള്‍ക്കൊപ്പം ഹിന്ദുത്വ പരിസരവും ചര്‍ച്ചയാവുന്നത് ചില സാമൂഹിക സാഹചര്യങ്ങളിലേക്ക് വെളിച്ചം വീശുന്നുമുണ്ട്.

അക്കിത്തത്തിന് കഴിഞ്ഞ വര്‍ഷത്തെ ജ്ഞാന പീഠ പുരസ്‌കാരം ലഭിച്ചതോടെയാണ് അദ്ദേഹത്തിന്റെ സംഘ പരവാര ബന്ധം കൂടുതല്‍ വിവാദമായത്. കഴിഞ്ഞ 20 വര്‍ഷക്കാലത്തെ അക്കിത്തത്തിന്റെ സംഭാവനകള്‍ എന്തൊണെന്ന ചോദ്യം ഉത്തരമില്ലാതെ ബാക്കിയാക്കിയാണ് അദ്ദേഹത്തിന് മോദി സര്‍ക്കാര്‍ ജ്ഞാന പീഡം നല്‍കിയത്.

സംഘപരിവാര ബന്ധമല്ലാതെ ജ്ഞാന പീഠ പുരസ്‌കാരത്തിനു പരിഗണിക്കപ്പെടാനുള്ള ക്രിയാത്മക സിദ്ധി എന്താണ് എന്ന ചോദ്യം സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ ധിഷണാ ശാലികള്‍ ഉന്നയിച്ചിരുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ അക്കിത്തം മികച്ച രചനകള്‍ നടത്തിയിട്ടില്ലെന്ന വായനാനുഭവമാണ് പ്രമുഖരടക്കം പങ്കു വയ്ക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തെ അക്കിത്തത്തിന്റെ സംഭാവനകള്‍ പ്രധാനമായും സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന യാഗയജ്ഞ സംസ്‌കാരത്തിന്റെ പ്രഘോഷണവും ഫാസിസ്റ്റ് അനുകൂല പ്രവര്‍ത്തനങ്ങളും മാത്രമായിരുന്നു എന്ന ആക്ഷേപം ശക്തമായി തന്നെ നില നില്‍കുന്നു.

സംഘ പരിവാര്‍ സാംസ്‌ക്കാരിക സംഘടനയായ തപസ്യയുടെ സാരഥിയായിരുന്നു ഇക്കാലയളവില്‍ അക്കിത്തം. തീര്‍ച്ചയായും ഇതൊക്കെയായിരിക്കാം അദ്ദേഹത്തെ ജ്ഞാനപീഠത്തിന് അര്‍ഹനാക്കിയ ഘടകങ്ങള്‍ എന്നാണ് പൊതു നിരീക്ഷണം. അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ഒരു കമ്യൂണിസ്റ്റ് വിരുദ്ധ രചനയാണെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തപസ്യയുടെ മുന്‍ പ്രസിഡന്റായ അക്കിത്തത്തെ പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന്റെ വക്താവും ഇരുപതാം നൂറ്റാണ്ടിലെ മലയാളത്തിലെ ഏറ്റവും മികച്ച കവികളിലൊരാളുമായ വൈലോപ്പിള്ളിയുമായും മറ്റും സമീകരിച്ച് കൃത്രിമ ചരിത്ര നിര്‍മിതി നടന്നുവെന്ന ആക്ഷേപങ്ങളും നില നില്‍കുന്നു.

ആദ്യ കാലങ്ങളില്‍ സാമുഹിക ഭാവനയുടെ വക്താവായിരുന്ന അക്കിത്തം പിന്നീട് തന്റെ രചനകളില്‍ സവര്‍ണ്ണ, വര്‍ഗ്ഗീയ സങ്കുചിതത്വത്തിന്റെ വക്താവായി മാറുകയായിരുന്നു എന്നാണ് 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' തെളിയിച്ചത്. അതുകൊണ്ടു തന്നെയാവണം ആര്‍എസ്എസിനും സംഘപരിവാരത്തിനും പില്‍ക്കാലത്ത് അക്കിത്തം പ്രിയപ്പെട്ട കവിയായി മാറിയത്.

അക്കിത്തത്തിന് ജ്ഞാനപീഠം നല്‍കാന്‍ വൈകിയതിനെതിരേ അതുകൊണ്ടാണ് ആര്‍എസ്എസ് പരസ്യമായി രംഗത്തു വന്നത്. ജ്ഞാനപീഠ കമ്മിറ്റിയില്‍ അംഗമായ കവി സച്ചിദാനന്ദന്‍ ഇടപെട്ടതു കൊണ്ടാണ് അക്കിത്തം തഴയപ്പെട്ടതെന്ന് ആര്‍എസ്എസിന്റെ മുഖ പത്രമായ ഓര്‍ഗനൈസര്‍ ലേഖനവും വന്നു. കമ്യൂണിസ്റ്റ് സഹചാരിയായിരുന്ന ഒഎന്‍വി കുറുപ്പിന് ജ്ഞാനപീഠം ലഭിക്കാന്‍ വേണ്ടി കമ്യൂണിസ്റ്റ് വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന അക്കിത്തത്തിന്റെ പേര് സച്ചിദാനന്ദന്‍ വെട്ടി മാറ്റി എന്നായിരുന്നു ഓര്‍ഗനൈസറിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തിയത്.

എന്നാല്‍ താന്‍ ജ്ഞാനപീഠ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന മൂന്നു വര്‍ഷ കാലത്ത് ഒരിക്കല്‍ പോലും അക്കിത്തിന്റെ പേര് കേരളത്തില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നില്ല എന്നാണ് സച്ചിദാനന്ദന്‍ വ്യക്തമാക്കിയത്. തപസ്യ യാഥാസ്ഥിതികരുടെ സംഘടനയാണെന്നു തുറന്നടിച്ച് എം വി ദേവന്‍ കോട്ടയത്തെ വാര്‍ഷികത്തില്‍ വെച്ച് അക്കിത്തത്തെ പരിഹസിച്ചിരുന്നു. ചടങ്ങില്‍ അക്കിത്തവുമുണ്ടായിരുന്നു. എന്നിട്ടും അടുത്തവര്‍ഷം അക്കിത്തം തപസ്യയുടെ അധ്യക്ഷനായി.

അറുപിന്തിരിപ്പന്‍ യാജ്ഞിക ബ്രാഹ്മണ്യത്തിന്റെ പുന:സ്ഥാപനത്തിനായി അഹോരാത്രം പണിയെടുത്ത ആളാണ് അക്കിത്തമെന്ന വിമര്‍ശനമാണ് പലരും ഉയര്‍ത്തിയത്. മൂന്ന് ദശകത്തിലേറെക്കാലം ആര്‍എസ്എസിന്റെ കലാസാഹിത്യ സംഘടനയായ തപസ്യയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ട് സംഘപരിവാര സഹയാത്രികത്വം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.

Tags:    

Similar News