കൊലവിളി പ്രസംഗത്തിന് പിന്നാലെ അരുംകൊല; തെളിയുന്നത് ആര്‍എസ്എസ്സിന്റെ ഉന്നതതല ഗൂഢാലോചന
'എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് നന്നായിട്ടറിയാം. ഞങ്ങളുടെ മൗനം ഭീരുത്വമാമെന്ന് കരുതിയെങ്കില്‍ അത് തെറ്റാണെന്ന് നിങ്ങള്‍ക്ക് ബോധ്യം വരും..'- എന്നാണ് തില്ലങ്കേരി പ്രസംഗിച്ചത്. 'സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും നേതാക്കളെയും ഇനിയും വെല്ലുവിളിച്ചാല്‍ ഇത്തരം പൊതുയോഗം നടത്തുന്നവരെയും പ്രസംഗിക്കുന്നവരെയും എന്ത് ചെയ്യണമെന്ന് ജനങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്.
ആലപ്പുഴ: എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വല്‍സന്‍ തില്ലങ്കേരി ആലപ്പുഴയില്‍ എസ്ഡിപിഐയ്‌ക്കെതിരേ കൊലവിളി പ്രസംഗം നടത്തി മണിക്കൂറുകള്‍ക്കകമാണ് അരുംകൊല നടന്നിരിക്കുന്നത്. ഇതോടെ കൊലപാതകത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടായിട്ടുണ്ടെന്ന് തെളിയുകയാണ് . കേരളം ഭീകരതയ്ക്ക് മുന്നില്‍ കീഴടങ്ങില്ല എന്ന സന്ദേശവുമായി ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ സമിതി ഡിസംബര്‍ 18ന് ആലപ്പുഴയില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സില്‍ സംസാരിക്കവെയാണ് വല്‍സന്‍ തില്ലങ്കേരി കലാപം അഴിച്ചുവിടുന്ന തരത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയത്.
'എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് നന്നായിട്ടറിയാം. ഞങ്ങളുടെ മൗനം ഭീരുത്വമാണെന്ന് കരുതിയെങ്കില്‍ അത് തെറ്റാണെന്ന് നിങ്ങള്‍ക്ക് ബോധ്യം വരും..'- എന്നാണ് തില്ലങ്കേരി പ്രസംഗിച്ചത്. 'സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും നേതാക്കളെയും ഇനിയും വെല്ലുവിളിച്ചാല്‍ ഇത്തരം പൊതുയോഗം നടത്തുന്നവരെയും പ്രസംഗിക്കുന്നവരെയും എന്ത് ചെയ്യണമെന്ന് ജനങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്. അതുകൊണ്ട് അധികം പോവണ്ട. ഇതുവരെയുള്ള അവഗണന ഇനിയും പ്രതീക്ഷിക്കേണ്ട. ഇനി നല്ല പരിഗണന നല്‍കും. നിങ്ങളെ നന്നായി ബഹുമാനിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ചിലപ്പോള്‍ ആളുകള്‍ സ്റ്റേജില്‍ വന്ന് ഹാരാര്‍പ്പണം നടത്തിയെന്നൊക്കെ വരും. അതൊക്കെ പ്രതീക്ഷിച്ച് മാത്രം തോന്ന്യാസവും വെല്ലുവിളിയും നടത്തിയാല്‍ മതിയെന്നാണ് പറയാനുള്ളത്- തില്ലങ്കേരി പറയുന്നു.
ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം. ഞങ്ങള്‍ക്ക് നേരേ വന്നാല്‍ എന്തുചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാം. അത് ഇന്നലെ ചെയ്തിട്ടുണ്ട്. നാളെയും ചെയ്യും. സ്വയരക്ഷയ്ക്ക് വേണ്ടി ഹിന്ദു പഴയപോലെ ഓടില്ല. നേരേ വന്നാല്‍ എന്തുചെയ്യണമെന്ന് അറിയാം. ഒന്നോ രണ്ടോ ഹിന്ദുത്വ പ്രവര്‍ത്തകരെ ക്വട്ടേഷന്‍ ടീമായി വന്ന് കൊത്തിയരിഞ്ഞ് ഭയപ്പെടുത്തി കേരളത്തെ കീഴ്‌പ്പെടുത്തിക്കളയാമെന്ന് ധരിക്കുന്നുണ്ടെങ്കില്‍ അത് കേരളത്തില്‍ വകവച്ചുകൊടുക്കില്ല. ഹിന്ദു സമൂഹം ഒന്നും മറന്നിട്ടില്ല. അങ്ങനെ ഒരിക്കലും മറക്കാന്‍ പറ്റുന്ന കാര്യങ്ങളല്ല നിങ്ങള്‍ ചെയ്തിരിക്കുന്നത്. കുത്തിക്കുത്തി നോവിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ പഴയ കണക്കുകള്‍ തീര്‍ക്കാന്‍ ഹിന്ദു സമൂഹം പ്രചണ്ഡശക്തിയായി മുന്നോട്ടുവരും- എന്നിങ്ങനെയാണ് തില്ലങ്കേരിയുടെ പ്രസംഗത്തിലെ കലാപ ആഹ്വാനങ്ങള്‍.
കൊലപാതകം നടത്താന്‍ ആര്‍എസ്എസ് പദ്ധതിയിട്ടുവെന്നതിന്റെ സൂചന നല്‍കുന്ന തരത്തിലായിരുന്നു ഹിന്ദു ഹെല്‍പ്പ് ലൈന്‍ മുന്‍ നേതാവും കടുത്ത വര്‍ഗീയ പ്രചാരകനുമായ പ്രതീഷ് വിശ്വനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍. 'പോപുലര്‍ ഫ്രണ്ട് ഭീകരവാദികള്‍ കൊലപ്പെടുത്തിയ വയലാറിലെ നന്ദുവിന്റെ വീട് സന്ദര്‍ശിച്ചു.''നന്ദുവിന് നീതി കിട്ടണം ....ആ ദിവസത്തിനായി പ്രാര്‍ത്ഥിക്കാം... ഡിസംബര്‍ 12ന് പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റാണിത്. കെ എസ് ഷാനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കിലിട്ട പോസ്റ്റും പിന്നീട് അത് എഡിറ്റ് ചെയ്തതും ദുരൂഹത ഉയര്‍ത്തുന്നതാണ്.
'എസ് ഡിപിഐ സംസ്ഥാന സെക്രട്ടറിയെ ആലപ്പുഴ മണ്ണഞ്ചേരിയില്‍ അജ്ഞാതര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി വാര്‍ത്ത' എന്നായിരുന്നു പ്രതീഷിന്റെ ആദ്യപോസ്റ്റ്. എന്നാല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് എഡിറ്റ് ചെയ്തു. നേരത്തെയുള്ള പോസ്റ്റിനൊപ്പം എസ്ഡിപിഐയിലെ പടലപ്പിണക്കമാണ് കാരണമെന്ന് സംശയിക്കുന്നു- എന്ന് കൂടി ചേര്‍ത്തിട്ടുള്ളതായിരുന്നു പുതിയ പോസ്റ്റ്. കൊലപാതകത്തിന് പിന്നില്‍ ബിജെപി- ആര്‍എസ്എസ് നേതാക്കളുടെ കൃത്യമായ ആസൂത്രണമുണ്ടായെന്ന ആരോപണവുമായി എസ് ഡിപിഐ രംഗത്തുവന്നിട്ടുണ്ട്. വല്‍സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് സ്‌കൂട്ടറില്‍ വരികയായിരുന്ന കെ എസ് ഷാനെ കാറിലെത്തിയ ആര്‍എസ്എസ് സംഘം ഇടിച്ചിട്ടശേഷം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.