അലെക്സെ നവാല്‍നിയെ അറസ്റ്റില്‍ പ്രതിഷേധം ശക്തം; റഷ്യയില്‍ മൂവായിരത്തിലധികം പ്രക്ഷോഭകര്‍ തടങ്കലില്‍
മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷനേതാവ് അലെക്‌സി നവല്‍നിയുടെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാകുന്നു. മോസ്‌കോയില്‍നിന്ന് ക്രെംലിനിലെ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്താനെത്തിയവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. പോലിസ് പ്രതിഷേധക്കാരെ മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു.
സംഭവത്തില്‍ ഇതുവരെ മൂവായിരത്തിലധികം പ്രക്ഷോഭകരെ തടങ്കലില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് നിഗമനം. പോലീസ് അതിക്രമത്തില്‍ നിരവധിപ്പേര്‍ക്കും പരിക്കേറ്റു. അറസ്റ്റിനുപിന്നാലെ രാജ്യമെങ്ങും പ്രതിഷേധം സംഘടിപ്പിക്കാന്‍ നവല്‍നി അനുയായികളോട് ആഹ്വാനംചെയ്തിരുന്നു. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വിഷപ്രയോഗത്തിലൂടെ വധിക്കാന്‍ ശ്രമിച്ച നവല്‍നി ജര്‍മനിയില്‍ അഞ്ചുമാസം ചികിത്സയ്ക്കുശേഷം കഴിഞ്ഞ ഞായറാഴ്ചയാണു റഷ്യയിലേക്കു മടങ്ങിയെത്തിയത്. മോസ്‌കോ വിമാനത്താവളത്തില്‍നിന്നുതന്നെ നവല്‍നിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
അഴിമതിവിരുദ്ധ പോരാട്ടങ്ങളിലൂടെ ക്രെംലിന്റെ കണ്ണിലെ കരടായിരുന്നു 44 വയസുള്ള നവല്‍നി. സൈബീരിയന്‍ നഗരമായ ടോംസ്‌കില്‍നിന്നു തലസ്ഥാനമായ മോസ്‌കോയിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹത്തിന് ആരോഗ്യ നില ഗുരുതരമായി കാണപെട്ടു. ഉടനെ വിമാനം ടോംക്‌സ് വിമാനത്താവളത്തില്‍ തിരിച്ചിറക്കി. നവല്‍നി വേദന കൊണ്ട് നിലവിളിക്കുന്നതിന്റെയും അദ്ദേഹത്തെ വിമാനത്തില്‍നിന്നിറക്കി സ്‌ട്രെച്ചറില്‍ ആംബുലന്‍സിലേക്കു കയറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. അദ്ദേഹം കുടിക്കുന്ന ഛായയില്‍ വിഷം കലര്‍ത്തിയതാകാമെന്നുമാണ് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞത്. നവ ല്‍നി വിമാനത്താവളത്തിലെ കഫേയില്‍നിന്നു ചായ കുടിക്കുന്നതെന്നു പറയുന്ന ഒരു ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.