ടിഫിന്‍ ബോക്‌സില്‍ ബിരിയാണി കൊണ്ടുപോയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ച സംഭവം: കുട്ടികളെ പുതിയ സ്‌കൂളില്‍ ചേര്‍ക്കണമെന്ന് ഹൈക്കോടതി

ബിരിയാണി തീറ്റിച്ച് എല്ലാവരെയും മുസ്‌ലിംകള്‍ ആക്കാന്‍ ആണോ നീക്കം എന്നും പ്രിന്‍സിപ്പല്‍ ചോദിച്ചു.

Update: 2024-12-18 17:02 GMT

അലഹബാദ്: സ്‌കൂളില്‍ ബിരിയാണി കൊണ്ടുപോയതിന് പുറത്താക്കിയ മൂന്നു വിദ്യാര്‍ഥികളെ പുതിയ സിബിഎസ്ഇ സ്‌കൂളില്‍ ചേര്‍ക്കാന്‍ അമോറ ജില്ലാ മജിസ്‌ട്രേറ്റിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ച്ചക്കകം ഇക്കാര്യം നടപ്പാക്കി റിപോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥയും സുഭാഷ് ചന്ദ്ര ശര്‍മയും അടങ്ങിയ ബെഞ്ച് പറഞ്ഞു. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും.

2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഒരു മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെയും രണ്ടു സഹോദരങ്ങളെയുമാണ് ഉച്ചഭക്ഷണത്തിന് ബിരിയാണി കൊണ്ടുപോയതിന് പ്രിന്‍സിപ്പല്‍ പുറത്താക്കിയത്. കുട്ടികളെ പ്രിന്‍സിപ്പാല്‍ മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. കുട്ടികള്‍ മതമൗലികവാദികളാണെന്നും വലുതാവുമ്പോള്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കുമെന്നും പ്രിന്‍സിപ്പല്‍ പറയുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

ബിരിയാണി തീറ്റിച്ച് എല്ലാവരെയും മുസ്‌ലിംകള്‍ ആക്കാന്‍ ആണോ നീക്കം എന്നും പ്രിന്‍സിപ്പല്‍ ചോദിച്ചു. വീഡിയോ പുറത്തുവന്നതോടെ വിഷയം പഠിക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക സമിതി രൂപീകരിച്ചു. പ്രിന്‍സിപ്പല്‍ മോശം ഭാഷ ഉപയോഗിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പക്ഷെ, കുട്ടികളുടെ പഠനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തില്ല. തുടര്‍ന്നാണ് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. മക്കളെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചെന്നും മുറിയില്‍ പൂട്ടിയിട്ടെന്നും മാതാവ് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കുട്ടികളുടെ വിദ്യഭ്യാസം ഉറപ്പാക്കാന്‍ വേണ്ട ഉത്തരവ് കോടതിയിട്ടത്.

Similar News