മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് റദ്ദാക്കണമെന്ന ഹരജി തള്ളി

Update: 2025-01-07 08:56 GMT

അലഹബാദ്: വിശ്വഹിന്ദു പരിഷത്ത് വേദിയില്‍ മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ-വിദ്വേഷപ്രസംഗം നടത്തിയ സിറ്റിങ് ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത പൊതുതാല്‍പര്യ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. കോണ്‍ഗ്രസ് എംപി കപില്‍ സിബല്‍ അടക്കം 55 പ്രതിപക്ഷ എംപിമാര്‍ നല്‍കിയ നോട്ടീസില്‍ നടപടി സ്വീകരിക്കരുതെന്ന് രാജ്യസഭാ ചെയര്‍മാന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

ഹിന്ദുവെന്ന സ്വത്വത്തില്‍ നിന്നാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ആ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് ഹരജിക്കാരനായ അഡ്വ. അശോക് പാണ്ഡെ വാദിച്ചു. ഹിന്ദുക്കളെ ബാധിക്കുന്ന വിഷയങ്ങളിലാണ് പരാമര്‍ശങ്ങള്‍. അതിനാല്‍ ഇംപീച്ച് ചെയ്യാന്‍ പാടില്ലെന്നായിരുന്നു വാദം. മുസ്‌ലിം പുരുഷന്‍മാരുടെ ജനനേന്ദ്രിയത്തെ കുറിച്ച് ജഡ്ജി നടത്തിയ പരാമര്‍ശം വിദ്വേഷപ്രസംഗത്തിന്റെ പരിധിയില്‍ വരില്ലെന്നും വാദമുയര്‍ന്നു. എന്നാല്‍, ഈ ആവശ്യങ്ങളും വാദങ്ങളും ജസ്റ്റിസുമാരായ എ ആര്‍ മസൂദി, സുഭാഷ് വിദ്യാര്‍ഥി എന്നിവരടങ്ങിയ ബെഞ്ച് തള്ളി. പൊതുതാല്‍പര്യ ഹരജികള്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നിയമസഹായം തേടാനുള്ളതാണമെന്ന് ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ഥി ചൂണ്ടിക്കാട്ടി.

2024 ഡിസംബര്‍ 12നാണ് വിശ്വഹിന്ദു പരിഷത്തിന്റെ ലീഗല്‍ സെല്‍ നടത്തിയ സെമിനാറില്‍ മുസ്‌ലിംകള്‍ക്കെതിരേ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിന് നാലുദിവസത്തിന് ശേഷം ഇയാള്‍ കേള്‍ക്കുന്ന കേസുകളുടെ സ്വഭാവം ഹൈക്കോടതി ചീഫ്ജസ്റ്റിസ് മാറ്റി. ജില്ലാകോടതിയില്‍ നിന്നുവരുന്ന അപ്പീലുകളില്‍ മാത്രമാണ് ഇപ്പോള്‍ ഇയാള്‍ വാദം കേള്‍ക്കുന്നത്.

Similar News