'ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ല'; പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി
അന്വേഷണം പക്ഷപാതപരമാവരുതെന്ന് എന്‍ഐഎക്ക് നിര്‍ദേശം നല്‍കിയിരുന്നതാണെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പറ്റ്‌ന സന്ദര്‍ശനം അലങ്കോലമാക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോപുലര്‍ ഫ്രണ്ട് മുന്‍ പവര്‍ത്തകന് ജാമ്യം. ബിഹാര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത് പിന്നീട് എന്‍ഐഎ ഏറ്റെടുത്ത കേസിലെ ആരോപണവിധേയനായ അത്താര്‍ പര്‍വേസിനാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്താനുള്ള തെളിവുകള്‍ ഈ കേസില്‍ പ്രഥമദൃഷ്ട്യാ ഇല്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പറ്റ്‌ന സന്ദര്‍ശനം അലങ്കോലമാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 2022 ജൂലൈ 12നാണ് അത്താര്‍ പര്‍വേസിനെയും ജലാലുദ്ദീന്‍ ഖാന്‍ എന്നയാളെയും അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് ഫുല്‍വാരി ശരീഫിലെ അഹമദ് പാലസില്‍ നടത്തിയ റെയ്ഡില്‍ 2047ല്‍ ഇന്ത്യയെ ഇസ്‌ലാമിക ഭരണത്തിലേക്ക് കൊണ്ടുപോവാന്‍ ശുപാര്‍ശ ചെയ്യുന്ന ഏഴു പേജുള്ള രഹസ്യരേഖ ലഭിച്ചെന്നും പോലിസ് ആരോപിച്ചു. കേസിലെ അന്വേഷണം ജൂലൈ 22ന് കേന്ദ്രസര്‍ക്കാര്‍ എന്‍ഐഎക്ക് കൈമാറി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹം, രാജ്യത്തിനെതിരേ യുദ്ധം ചെയ്യല്‍, ആയുധശേഖരണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് എന്‍ഐഎ എഫ്‌ഐആര്‍ ഇട്ടത്. അന്വേഷണത്തിന് ഒടുവില്‍ 2023 ജനുവരിയില്‍ പ്രത്യേക എന്‍ഐഎ കോടതിയില്‍ കുറ്റപത്രവും നല്‍കി. എന്നാല്‍, ആരോപണ വിധേയര്‍ക്കെതിരേ ഇതുവരെ കോടതി കുറ്റം ചുമത്തിയിട്ടില്ല. പറ്റ്‌ന ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അത്താര്‍ പര്‍വേസ് സുപ്രിംകോടതിയെ സമീപിച്ചത്.
ജാമ്യാപേക്ഷയെ എന്‍ഐഎ ശക്തമായി എതിര്‍ത്തു. സിസിടിവിയില്ലാത്ത അഹമദ് പാലസിലെ മുറിയില്‍ നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ രഹസ്യ യോഗങ്ങള്‍ നടത്തിയെന്നും പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നുപൂര്‍ ശര്‍മയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നും എന്‍ഐഎ വാദിച്ചു. നിരോധിത സംഘടനയായ സിമിയുടെ മുന്‍ പ്രവര്‍ത്തകരെ ഏകോപിപ്പിക്കാന്‍ ശ്രമിച്ചു. വടി, കത്തി, വാള്‍ എന്നിവ ഉപയോഗിക്കാന്‍ പ്രവര്‍ത്തകരെ പഠിപ്പിക്കാന്‍ രഹസ്യ യോഗങ്ങളില്‍ തീരുമാനിച്ചുവെന്നും എന്‍ഐഎ വാദിച്ചു. ഇത് തെളിയിക്കാന്‍ മൂന്നു ''രഹസ്യ സംരക്ഷിത'' സാക്ഷികളുടെ മൊഴികളും സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ചു.
ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ഒരു രേഖയും തന്റെ കൈയ്യില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് അത്താര്‍ പര്‍വേസ് വാദിച്ചു. അഹമദ് പാലസിലെ രണ്ടാം നിലയിലെ മുറിയില്‍ നിന്ന് രേഖ കിട്ടിയെന്നാണ് എന്‍ഐഎ പറയുന്നതെങ്കിലും അവര്‍ തന്നെ കൊണ്ടുവന്ന വാടകക്കരാര്‍ പ്രകാരം താന്‍ ഒന്നാം നിലയിലെ മുറിയിലാണ് താമസിച്ചിരുന്നതെന്നും അത്താര്‍ പര്‍വേസ് ചൂണ്ടിക്കാട്ടി. രേഖ പിടിച്ചെടുക്കുന്നതിന് സാക്ഷികളുമുണ്ടായിട്ടില്ല. മാത്രമല്ല, എന്‍ഐഎ കൊണ്ടുവന്ന രേഖയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരാമര്‍ശവുമില്ല. എന്‍ഐഎ ഉന്നയിക്കുന്ന വാദങ്ങളും അവര്‍ ആശ്രയിക്കുന്ന രഹസ്യസാക്ഷികളുടെ മൊഴികളും തമ്മില്‍ സാമ്യമില്ല. പ്രവാചക നിന്ദ നടത്തിയ നുപൂര്‍ ശര്‍മക്കെതിരേ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. കേസ് എടുക്കുന്ന സമയത്ത് പോപുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നില്ലെന്ന കാര്യവും അദ്ദേഹം കോടതിയെ അറിയിച്ചു.
തനിക്ക് ആയുധ പരിശീലനം നല്‍കാന്‍ ചിലര്‍ ശ്രമിച്ചുവെന്നാണ് ''ഇസെഡിന്റെ'' രഹസ്യമൊഴി പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. അത് ചെയ്തത് അത്താര്‍ ആണെന്ന് പറയുന്നില്ല. മുസ്‌ലിം സമുദായത്തെ രാഷ്ട്രീയമായും സാമൂഹികമായും ശാക്തീകരിക്കണമെന്ന് യോഗങ്ങളില്‍ അത്താര്‍ പറഞ്ഞുവെന്നാണ് ''ഇസെഡിന്റെ'' മൊഴി പറയുന്നത്. അത് യുഎപിഎ പ്രകാരം കുറ്റകരമല്ല. ജാമ്യാപേക്ഷയെ എതിര്‍ത്ത്, ''ഇസെഡിനെ'' ഉദ്ധരിച്ച് എന്‍ഐഎ പറയുന്ന കാര്യങ്ങളൊന്നും സീല്‍ ചെയ്ത കവറില്‍ നല്‍കിയ ''ഇസെഡിന്റെ'' മൊഴിയില്‍ ഇല്ലെന്ന് ജലാലുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ തന്നെ മറ്റൊരു ബെഞ്ച് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ എന്‍ഐഎയോട് വിശദീകരണവും ചോദിച്ചിരുന്നു. അന്വേഷണം പക്ഷപാതപരമാവരുതെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതാണെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
അത്താര്‍ കടുത്ത മതവിശ്വാസിയും സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന ആളാണെന്നുമാണ് ''വൈ'' എന്ന മറ്റൊരു രഹസ്യ സാക്ഷി പറയുന്നത്. പ്രവാചക നിന്ദ നടത്തിയ നുപൂര്‍ ശര്‍മക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തു എന്നും പറയുന്നു. ഇത് യുഎപിഎ പ്രകാരമുള്ള കുറ്റമല്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. യോഗങ്ങള്‍ നടന്നുവെന്ന് എന്‍ഐഎ പറയുന്ന കാലത്ത് പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരുന്നില്ല. അതിനാല്‍ നിരോധിത സംഘടനാ പ്രവര്‍ത്തകനാണെന്നും പറയാനാവില്ല. ഇന്ത്യയില്‍ 2047ല്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുമെന്ന് പറയുന്ന രേഖ എന്‍ഐഎ കൊണ്ടുവന്നിട്ടുണ്ട്. ഇത് അത്താറിന്റെ മുറിയില്‍ നിന്ന് ലഭിച്ചു എന്നാണ് പറയുന്നത്. എന്നാല്‍, വാടകക്കരാര്‍ പ്രകാരം അത് മറ്റൊരു മുറിയില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. അതിനാലും യുഎപിഎ ബാധകമാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സകാത്ത് പിരിച്ച് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നും എന്‍ഐഎ ആരോപിക്കുന്നു. എന്നാല്‍, പോപുലര്‍ ഫ്രണ്ട് അക്കാലത്ത് നിരോധിത സംഘടനയായിരുന്നില്ല. പോപുലര്‍ ഫ്രണ്ട് സകാത്ത് പിരിച്ച് ദുരുപയോഗം ചെയ്‌തെന്നോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നോ ആരും ആരോപണമുന്നയിക്കുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ല. അതിനാലും യുഎപിഎ നിലനില്‍ക്കില്ല. ഈ സാഹചര്യത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്താല്‍ ജാമ്യം നല്‍കരുതെന്ന യുഎപിഎയിലെ 43-ഡി(5) വകുപ്പിനേക്കാള്‍ പ്രാധാന്യം ഭരണഘടനയുടെ 21ാം അനുഛേദം പ്രകാരം അത്താറിന്റെ ജീവിക്കാനുള്ള അവകാശത്തിനാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. അത്താറിന് എതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്നതിന് തെളിവുകള്‍ ഒന്നുമില്ല. കുറ്റപത്രവും രഹസ്യസാക്ഷികളുടെ മൊഴികളും പരിശോധിക്കുമ്പോള്‍ ആരോപണ വിധേയര്‍ക്കെതിരേ വിചാരണക്കോടതി യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്താന്‍ സാധ്യത കാണുന്നില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
'' 2022 ജൂലൈ 12നാണ് ഹരജിക്കാരന്‍ അറസ്റ്റിലായത്. രണ്ടു വര്‍ഷവും നാലുമാസവുമായി ജയിലിലാണ്. കുറ്റപത്രം 2023 ജനുവരിയില്‍ സമര്‍പ്പിച്ചു. പക്ഷേ, ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. കേസില്‍ 40 പ്രതികളും 354 സാക്ഷികളുമുണ്ട്. അടുത്തകാലത്തൊന്നും വിചാരണ പൂര്‍ത്തിയാവില്ല എന്ന കാര്യത്തില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ വിചാരണയില്ലാതെ അത്താറിനെ അനന്തമായി ജയിലില്‍ ഇടാന്‍ സാധിക്കില്ല. അങ്ങനെ ചെയ്യുന്നത് ജീവിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമായിരിക്കും.''-സുപ്രിംകോടതി പറഞ്ഞു.
താഹ ഫസല്‍ കേസ്, ജാവേദ് ഗുലാം നബി ശെയ്ഖ് കേസ്, തുടങ്ങിയ കേസുകളിലും സുപ്രിംകോടതി ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കേസില്‍ വിചാരണ വൈകുകയാണെങ്കില്‍ നിയമങ്ങളിലെ വ്യവസ്ഥകളേക്കാള്‍ പ്രാധാന്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ക്കുണ്ട്. ഏത്ര ഗുരുതരമായ ആരോപണമാണെങ്കിലും ഇത് ബാധകമാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതു വരെ ഒരാള്‍ നിരപരാധിയാണെന്ന തത്ത്വമാണ് പ്രധാനമെന്നും കോടതി വിശദീകരിച്ചു.