ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സംസ്ഥാന ഗസ്റ്റ് ഹൗസായ യുപി ഭവനില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ ഹിന്ദുത്വ സംഘടനയായ മഹാറാണ പ്രതാപ് സേനയുടെ ദേശീയ അധ്യക്ഷന്‍ രാജ്യവര്‍ധന്‍ സിങ് പാര്‍മറിനെതിരേ കേസെടുത്തു. ഇതിനു പിന്നാലെ യുപി ഭവനില്‍ മുറി ബുക്ക് ചെയ്യാനും മറ്റും സഹായം ചെയ്ത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും സംഭവം നടന്നതായി പറയപ്പെടുന്ന മുറി സീല്‍ ചെയ്യുകയും ചെയ്തു.
മെയ് 26ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് രാജ്യവര്‍ധന്‍ സിങ് പാര്‍മര്‍ യുവതിയോടൊപ്പം യുപി ഭവനില്‍ എത്തിയതെന്നും 1.50ഓടെ പുറത്തുപോയെന്നുമാണ് റിപോര്‍ട്ട്. പിന്നാലെയാണ് രാജ്യവര്‍ധന്‍ സിങ് പാര്‍മര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് യുവതി ചാണക്യപുരി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ജോലി വാഗ്ദാനം ചെയ്താണ് തന്നോട് മുറിയില്‍ വരാന്‍ പറഞ്ഞതെന്നും രണ്ട് മന്ത്രിമാര്‍ മുറിക്കുള്ളില്‍ ഉണ്ടെന്നും പാര്‍മര്‍ പറഞ്ഞതായും യുവതി പോലിസിനോട് പറഞ്ഞു. എന്നാല്‍ അകത്തേക്ക് കയറിയപ്പോള്‍ മുറിയില്‍ ആരും ഉണ്ടായിരുന്നില്ല. പിന്നീട് മുറി അകത്തുനിന്ന് പൂട്ടി തന്നെ ആക്രമിക്കുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. ഒരു പുരുഷനും സ്ത്രീയും മുറിക്കുള്ളില്‍ കയറിപ്പോവുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് മുന്നോടിയായി ഇവര്‍ താമസിച്ചിരുന്ന യുപി ഭവനിലെ റൂം നമ്പര്‍ 122 സീല്‍ ചെയ്തിരിക്കുകയാണ്. മെയ് 27ന് സംസ്ഥാന റസിഡന്റ് കമ്മീഷണര്‍ ഇക്കാര്യം കത്തിലൂടെ അറിയിച്ചതായി യുപി അഡീഷനല്‍ ചീഫ് സെക്രട്ടറി എസ് പി ഗോയല്‍ പറഞ്ഞു. മെയ് 26 ന് ഉച്ചയ്ക്ക് 12.22ന് യുപി ഭവനിലേക്ക് ഒരു സ്ത്രീയുമായി പാര്‍മര്‍ പോയതായി പറയപ്പെടുന്നു. തനിക്ക് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മുറി വേണമെന്ന് ഡ്യൂട്ടിയിലുള്ള ജീവനക്കാരോട് പറഞ്ഞു. അതനുസരിച്ച്, ജീവനക്കാര്‍ അദ്ദേഹത്തിന് റൂം നമ്പര്‍ 122 അനുവദിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1.05 ന് പാര്‍മര്‍ മുറിയില്‍ നിന്ന് ഇറങ്ങുന്നത് അതില്‍ കാണാം. തുടര്‍ന്ന് യുവതി പുറത്തിറങ്ങി ചാണക്യപുരി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനായി പോയി. ഉടന്‍ തന്നെ പോലിസും ഫോറന്‍സിക് സംഘവും യുപി ഭവനിലെത്തി അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ തലസ്ഥാനത്തെ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ സാധാരണയായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് നല്‍കുക. രാജ്യവര്‍ധന്‍ സിങ് പാര്‍മറിന് അനര്‍ഹമായാണ് മുറി ബുക്ക് ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനു വേണ്ടിയാണ് മുറി ബുക്ക് ചെയ്യുന്നതെന്നും അവരെ വിളിക്കുന്നതിന് മുമ്പ് അത് കാണണമെന്നും രാജ്യവര്‍ധന്‍ സിങ് പാര്‍മര്‍ പറഞ്ഞിരുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ഇതേത്തുടര്‍ന്നാണ് യുപി ഭവന്‍ മാനേജ്‌മെന്റ് ഓഫിസര്‍ ദിനേശ് കുമാര്‍ കരുഷ്, സീനിയര്‍ റിസപ്ഷനിസ്റ്റ് പരസ്‌നാഥ്, അക്കൗണ്ടിങ് ഓഫീസര്‍ നരേന്ദ്ര എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. സംസ്ഥാന എസ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജോയിന്റ് സെക്രട്ടറി രാജാറാം ദ്വിവേദിയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതായി ഡല്‍ഹി പോലിസും അറിയിച്ചു. രാജ്യവര്‍ധന്‍ സിങ് പാര്‍മര്‍ നേരത്തേ മുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗത്തിലൂടെ കുപ്രസിദ്ധി നേടിയയാളാണ്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും ജയ് ശ്രീറാം വിളിക്കാത്തവര്‍ പാകിസ്താനിലേക്കോ ശ്രീലങ്കയിലേക്കോ പോവണമെന്നും ഇവിടെ കഴിയാന്‍ അര്‍ഹതയില്ലെന്നും ഭീഷണി മുഴക്കിയിരുന്നു. മാത്രമല്ല, മഹാറാണ പ്രതാപ് സേനയാണ് അജ്മീറിലെ ഖ്വാജാ മുഹ് യുദ്ധീന്‍ ചിഷ്തി ദര്‍ഗ ഹിന്ദു ക്ഷേത്രമാണെന്നും അത് പൊളിച്ചാണ് ദര്‍ഗ നിര്‍മിച്ചതെന്നും കാണിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തയക്കുകയും ചെയ്തിരുന്നു. ബിജെപി നേതാക്കളുമായും ഹിന്ദുത്വ നേതാക്കളുമായും അടുത്ത ബന്ധമുള്ള രാജ്യവര്‍ധന്‍ സിങ് പാര്‍മര്‍, ലൗ ജിഹാദ് മുക്ത, മസ്ജിദ് മുക്ത ഭാരത് എന്നിവയാണ് തന്റെ ലക്ഷ്യമെന്ന് പരസ്യമായി വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.