സവര്‍ണരുടെ വധ ഭീഷണി; പുറത്തിറങ്ങാനാവാതെ അംബേദ്കറൈറ്റ് ഗായകനും കുടുംബവും

അംബേദ്കര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഗാനങ്ങളിലൂടെ ശ്രദ്ധേയരായ ഗായക കുടുംബം മോദി വിരുദ്ധ ആല്‍ബങ്ങളും പുറത്തിറക്കിയിരുന്നു.

Update: 2021-01-06 09:36 GMT

ന്യൂഡല്‍ഹി: ബി ആര്‍ അംബേദ്കറുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഗാനങ്ങളിലൂടെ ശ്രദ്ധേയരായ ഗായക കുടുംബം സവര്‍ണരുടെ വധ ഭീഷണിയെ തുടര്‍ന്ന് വീട് വിട്ട് ഒളിവില്‍ പോയി. ഗായക ദമ്പതികളായ വിശാല്‍ ഗാസിപുരിയും സപ്‌ന ബൗദ്ധുമാണ് അവരുടെ രണ്ട് വയസ്സുള്ള കുട്ടിയുമായി ഒളിവില്‍ പോയത്. സവര്‍ണരുടെ ആക്രമണം കാരണം ജീവന് ഭീഷണിയുള്ളതിനാലാണ് ഗായക കുടുംബം രണ്ട് മാസത്തോളമായി ഒളിവില്‍ കഴിയുന്നതെന്ന് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

അംബേദ്കര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഗാനങ്ങളിലൂടെ ശ്രദ്ധേയരായ ഗായക കുടുംബം മോദി വിരുദ്ധ ആല്‍ബങ്ങളും പുറത്തിറക്കിയിരുന്നു. സ്വകാര്യ വല്‍കരണവും രാജ്യത്തെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയുമെല്ലാം ഇവരുടെ ആല്‍ബങ്ങള്‍ ചര്‍ച്ചയാക്കി. 'ആയാ ദേശ് വിക്രെത'('രാജ്യത്തെ വില്‍പ്പനക്ക് വച്ചയാള്‍ ഇതാ എത്തി'), നിജിക്രം ദോഖാ ഹേ(സ്വകാര്യവല്‍ക്കരണം ഒരു അഴിമതിയാണ്) തുടങ്ങിയ തലക്കെട്ടുകളില്‍ പുറത്തിറക്കിയ ആല്‍ബങ്ങള്‍ മോദി ഭരണകൂടത്തെ വിമര്‍ശിക്കുന്നതായിരുന്നു.

അംബേദ്കര്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന പാട്ടുകളും മോദി വിരുദ്ധ ആല്‍ബങ്ങളുമാണ് സവര്‍ണരെ പ്രകോപിപ്പിച്ചത്. ഒക്ടോബര്‍ 29ന് യുപിയിലെ ഗാസിപൂരിലുള്ള വിശാല്‍ ഗാസിപൂരിയുടെ സ്റ്റോഡിയോ അഗ്നിക്കിരയാക്കി. ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തില്‍ നൊനാഹ്‌റ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Tags:    

Similar News