ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെതിരേ അവിശ്വാസം

സര്‍ക്കാരിനൊപ്പമുണ്ടായിരുന്ന രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.ശക്തമായ കാര്‍ഷിക സമരത്തിന് സാക്ഷ്യംവഹിച്ച് കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് ഹരിയാന.

Update: 2021-03-10 06:11 GMT

ചാണ്ഡിഗഢ്: ഹരിയാനയില്‍ ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇന്ന് നിയമസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. സര്‍ക്കാരിനൊപ്പമുണ്ടായിരുന്ന രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.ശക്തമായ കാര്‍ഷിക സമരത്തിന് സാക്ഷ്യംവഹിച്ച് കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് ഹരിയാന.

ഇവിടെ ദുഷ്യന്ത് ചൗത്താലയുടെ ജെജെപിയുമായി സഖ്യം ചേര്‍ന്നാണ് ബിജെപി ഭരണം. ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജെജെപി പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്.എന്നാല്‍, അവിശ്വാസ പ്രമേയത്തില്‍ ആശങ്കയില്ലെന്നാണ് ബിജെപി പ്രതികരണം. സര്‍ക്കാരിന് മതിയായ പിന്തുണയുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. ജെജെപിയില്‍ സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നീക്കം. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമോ അതോ ബിജെപിക്കൊപ്പം നില്‍ക്കുമോ എന്നാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ചോദ്യം. കര്‍ഷകര്‍ എല്ലാ മണ്ഡലങ്ങളിലും തങ്ങളെ ബഹിഷ്‌കരിക്കുകയാണെന്ന് ജെജെപി നേതാക്കള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

90 അംഗ നിയമസഭയില്‍ 45 സീറ്റിന്റെ പിന്തുണയുണ്ടെങ്കില്‍ ഭരണം നടത്താം. ബിജെപിക്ക് 40 അംഗങ്ങളാണുള്ളത്. ജെജെപിയുടെ പത്ത് അംഗങ്ങളുടെയും അഞ്ച് സ്വതന്ത്രരുടെയും പിന്തുണയിലാണ് ബിജെപി ഭരണം. കോണ്‍ഗ്രസിന് 31 അംഗങ്ങളാണുള്ളത്. രണ്ടു സീറ്റുകള്‍ സഭയില്‍ ഒഴിഞ്ഞുകിടക്കുകയാണ്. കര്‍ഷക സമരം ശക്തിപ്പെട്ടതോടെ ഭരണസഖ്യത്തിലെ പല എംഎല്‍എമാര്‍ക്കും കടുത്ത സമ്മര്‍ദ്ദമുണ്ട്. ഹരിയാനയിലെ പല എംഎല്‍എമാരും കര്‍ഷകരാണ് എന്നതും എടുത്തുപറയേണ്ടതാണ്.

രണ്ട് സ്വതന്ത്രര്‍ക്കൊപ്പം ജെജെപി എംഎല്‍എമാരുടെ പിന്തുണയും അവിശ്വാസ പ്രമേയത്തിന് ലഭിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ പ്രതീക്ഷിക്കുന്നത്.

Tags:    

Similar News