അബേദ്ക്കറെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അമിത് ഷായെ മോദി പുറത്താക്കണം: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പ്പി ഡോ.ബി ആര്‍ അംബേദ്ക്കറെ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത് ഷായെ പുറത്താക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാവണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അംബേദ്കറോട് എന്തെങ്കിലും ബഹുമാനമുണ്ടെങ്കില്‍ മോദി ഇത് ചെയ്യണമെന്നും എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. അംബേദ്ക്കറുടെ നാമം ജപിച്ചുകൊണ്ടിരിക്കല്‍ ഇക്കാലത്ത് ഒരു ഫാഷനാണെന്ന അമിത് ഷായുടെ രാജ്യസഭയിലെ പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. അതേസമയം, അമിത് ഷായെ പിന്തുണച്ച് മോദി രംഗത്തുവന്നു. അമിത് ഷായുടെ വാക്കുകള്‍ വളച്ചൊടിച്ചതാണ് വിവാദത്തിന് കാരണമെന്ന് മോദി പറഞ്ഞു.
താന്‍ രാജിവച്ചാലൊന്നും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് ഖാര്‍ഗെയുടെ പ്രസ്താവനക്കു മറുപടിയായി അമിത് ഷാ പറഞ്ഞു. അമിത് ഷാക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍ പ്രമേയം കൊണ്ടുവന്നിട്ടുണ്ട്. മനുസ്മൃതിയ അംഗീകരിക്കുന്നവര്‍ അംബേദ്ക്കറുടെ കാഴ്ച്ചപാടുകളെ എതിര്‍ക്കുന്നവരായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പറഞ്ഞു.