കൊവിഡ്: 20 ദിവസത്തിനുള്ളിൽ അലിഗഢ് സർവകലാശാലയ്ക്ക് നഷ്ടമായത് 16 ഫാക്കൽറ്റി അംഗങ്ങളെ

16 ഓളം ഉദ്യോഗസ്ഥരെ ചികിൽസക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജെഎൻ‌എം‌സി പ്രിൻസിപ്പൽ പ്രഫ. ഷഹീദ് അലി സിദ്ദിഖി പറഞ്ഞു.

Update: 2021-05-08 15:42 GMT

ആഗ്ര: വെള്ളിയാഴ്ച രണ്ട് ഫാക്കൽറ്റി അംഗങ്ങൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റിക്ക് നഷ്ടമായത് 16 ഫാക്കൽറ്റി അംഗങ്ങളെ. കൂടാതെ വിരമിച്ച 10 ഫാക്കൽറ്റി അം​ഗങ്ങൾ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. വൈസ് ചാൻസലർ താരിഖ് മൻസൂറിന്റെ ജ്യേഷ്ഠനും വൈറസ് ബാധിച്ചു.

സർവകലാശാലയിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിലെ (ജെഎൻ‌എം‌സി) കൊവിഡ് വാർഡിൽ ഫാക്കൽറ്റി അംഗങ്ങൾ ഉൾപ്പെടെ 16 ജീവനക്കാർ ചികിൽസയിലാണ്. അവരിൽ ചിലരുടെ നില അതീവ​ഗുരുതരമാണ്. എഎംയു വക്താവ് പറയുന്നതനുസരിച്ച് വൈദ്യശാസ്ത്ര വിഭാഗം ചെയർമാനായിരുന്ന പ്രൊഫ. ഷാദാബ് അഹ്മദ് ഖാൻ (58), കമ്പ്യൂട്ടർ സയൻസ് വകുപ്പിലെ പ്രഫ. റഫിഖുൽ സമൻ ഖാൻ (55) എന്നിവരാണ് വെള്ളിയാഴ്ച്ച കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

വൈസ് ചാൻസലർ താരിഖ് മൻസൂറിന്റെ സഹോദരനും മുൻ യൂനിവേഴ്‌സിറ്റി കോടതി അംഗവും മുഹമ്മദീയ വിദ്യാഭ്യാസ സമ്മേളനത്തിലെ അംഗവുമായിരുന്ന ഒമർ ഫാറൂഖ് (75) കഴിഞ്ഞ ദിവസം മരണപ്പെട്ടു. പ്രശസ്ത സംസ്‌കൃത പണ്ഡിതനും സംസ്‌കൃത വകുപ്പ് മുൻ ചെയർമാനുമായ പ്രഫ. ഖാലിദ് ബിൻ യൂസഫ് (56) അന്തരിച്ചു. ഋഗ്വേദത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ മുസ്ലിം പണ്ഡിതനായിരുന്നു അദ്ദേഹം.

ഈ മാസം ആദ്യം കൊവിഡിന് കീഴടങ്ങിയ മറ്റ് ഫാക്കൽറ്റി അംഗങ്ങൾ, പോസ്റ്റ് ഹാർവെസ്റ്റ് എഞ്ചിനീയറിങ് വകുപ്പിലെ പ്രഫ. മുഹമ്മദ് അലി ഖാൻ (60). പൊളിറ്റിക്കൽ സയൻസ് വകുപ്പിലെ പ്രഫ. ഖാസി മുഹമ്മദ് ജംഷെഡ് (55). പ്രഫ. ഗുഫ്രാൻ അഹ്മദ് ( 54) ഇൽമ്ഉൽ അദ്വിയ ഡിപ്പാർട്ട്മെന്റ് ചെയർമാൻ. പ്രഫ. കെ സാജിദ് അലി ഖാൻ (63), സൈക്കോളജി വിഭാഗം ചെയർമാൻ. ഡോ. മുഹമ്മദ് ഇർഫാൻ (62), (മ്യൂസിയോളജി വിഭാഗം ചെയർമാൻ. ഡോ. അസീസ് ഫൈസൽ (40) സെന്റർ ഫോർ വിമൻസ് സ്റ്റഡീസ്. ചരിത്രവകുപ്പിലെ ഡോ. ജിബ്രയിൽ (51). ഇംഗ്ലീഷ് വകുപ്പിലെ ഡോ. മുഹമ്മദ് യൂസഫ് അൻസാരി (46). ഉറുദു വകുപ്പിലെ ഡോ. മുഹമ്മദ് ഫുർഖാൻ സാംബാലി (43). സുവോളജി വകുപ്പിലെ പ്രൊഫ. സയ്യിദ് ഇർഫാൻ അഹ്മദ് (62).

16 ഓളം ഉദ്യോഗസ്ഥരെ ചികിൽസക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജെഎൻ‌എം‌സി പ്രിൻസിപ്പൽ പ്രഫ. ഷഹീദ് അലി സിദ്ദിഖി പറഞ്ഞു. 

Similar News