വസ്തു നികുതി അടച്ചില്ല; അലിഗഢ് മുസ് ലിം യൂനിവേഴ്‌സിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു
ഒരാഴ്ച്ചക്കുള്ളില്‍ നികുതി അടക്കാന്‍ തയ്യാറായില്ലെങ്കില്‍ യൂനിവേഴ്‌സിറ്റിയുടെ അക്കൗണ്ടില്‍ നിന്നും മുന്‍സിപ്പല്‍ കോര്‍പറേഷന്റെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുമെന്നും അലിഗഢ് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
അലിഗഢ്: വസ്തു നികുതി അടക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചതിനെ തുടര്‍ന്ന് അലിഗഢ് മുസ് ലിം യൂനിവേഴ്‌സിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. അലിഗഢ് മുന്‍സിപ്പല്‍ കോര്‍പറേഷനാണ് യൂനിവേഴ്‌സിറ്റിക്കെതിരേ നടപടിയെടുത്തത്. വസ്തു നികുതി ഇനത്തില്‍ 14 കോടി രൂപ അടക്കാനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
നികുതി അടക്കാന്‍ വൈകിയതിനെ തുടര്‍ന്ന് യൂനിവേഴ്‌സിറ്റി അധികൃതര്‍ നിരവധി തവണ സമയം നീട്ടി നല്‍കിയതായി നികുതി വകുപ്പ് മേധാവി വിനയ് കുമാര്‍ റായ് പറഞ്ഞു. '14.83 കോടിയുടെ നികുതിയാണ് യൂനിവേഴ്‌സിറ്റി അധികൃതര്‍ അടക്കാനുള്ളത്. 10 കൊല്ലമായി നികുതി അടക്കുന്നതില്‍ വീഴ്ച്ച വരുത്തുന്നുണ്ട്. 2019ലും അക്കൗണ്ട് മരവിപ്പിച്ചിരുന്നു. പിന്നീട് വീണ്ടും സമയം അനുവദിച്ചു. എന്നാല്‍, വസ്തു നികുതി അടക്കാന്‍ അധികൃതര്‍ തയ്യാറായില്ല'. വിനയ് കുമാര്‍ റായ് പറഞ്ഞു. ഒരാഴ്ച്ചക്കുള്ളില്‍ നികുതി അടക്കാന്‍ തയ്യാറായില്ലെങ്കില്‍ യൂനിവേഴ്‌സിറ്റിയുടെ അക്കൗണ്ടില്‍ നിന്നും മുന്‍സിപ്പല്‍ കോര്‍പറേഷന്റെ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുമെന്നും അലിഗഢ് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.